സര്‍ക്കാര്‍ ആശുപത്രികള്‍ ശക്തമായാല്‍ സ്വകാര്യമേഖലയിലെ ചൂഷണം തടയാം -മന്ത്രി കെ.ടി. ജലീല്‍
* നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിച്ചാലേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂവെന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തെയാണ് സ്വകാര്യ ആശുപത്രികള്‍ ചൂഷണം ചെയ്യുന്നത്. ഓരോ സേവനത്തിനും എത്ര തുകയാണ് ഈടാക്കുന്നതെന്നുപോലും ജനങ്ങള്‍ക്ക് അറിയാനാവാത്ത സ്ഥിതിയാണ്.സര്‍ക്കാര്‍ ആശുപത്രികളിലെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നിലവാരമുയര്‍ത്താനാണ് സര്‍ക്കാര്‍ 'ആര്‍ദ്രം' പദ്ധതി നടപ്പാക്കിവരുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം ഏറ്റവുമധികം തസ്തിക സൃഷ്ടിച്ചത് ആരോഗ്യമേഖലയിലാണ്. ഡോക്ടര്‍മാരുടേയും പാരാ മെഡിക്കല്‍ ജീവനക്കാരുടേയുമുള്‍പ്പെടെയുള്ള കുറവ് ഒരു പരിധിവരെ പരിഹരിക്കാനായിട്ടുണ്ട്. ഇതിനൊപ്പം തദ്ദേശസ്ഥാപനങ്ങളും പദ്ധതിവിഹിതത്തില്‍നിന്നുള്ള തുക വിനിയോഗിച്ച് അവരുടെ ചുമതലയിലുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെയുള്‍പ്പെടെ നിയമിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ ഇനിയും മുന്നോട്ടുകൊണ്ടുവരാനാകണം. ആശുപത്രികളുടെ നവീകരണത്തിനും സൗകര്യങ്ങളൊരുക്കാനുമുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ഓപ്പറേഷന്‍ തീയറ്റര്‍, നേത്ര വിഭാഗം ഓപ്പറേഷന്‍ തീയറ്റര്‍, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ്, ആര്‍.ജി.സി.ബി ലാബ്, പവര്‍ ലോണ്‍ട്രി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. 11 യൂണിറ്റുകള്‍ അടങ്ങിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. എച്ച്.എല്‍.എല്‍ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗവും ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും നിര്‍വഹിച്ചു.
രണ്ടുവര്‍ഷത്തിനിടെ എട്ടുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നെടുമങ്ങാട് ആശുപത്രിയില്‍ നടപ്പാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ആശുപത്രിയില്‍ മൂന്നുകോടി രൂപ ചെലവില്‍ പുതിയ മന്ദിരത്തിന്റെ നിര്‍മാണത്തിന് നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.കെ. പ്രീജ, നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ബിജു മോഹന്‍, ആനാട് ജയന്‍, അഡ്വ. എസ്.എം. റാസി, ശോഭകുമാര്‍, ഉഷാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ ടി. അര്‍ജുനന്‍, ജില്ലാ ംെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത് സ്വാഗതവും സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.4988/17
- Log in to post comments