Skip to main content

ഭൂമി സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍   നടപടി സ്വീകരിച്ചു വരികയാണ്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

 

ലാന്‍ഡ് ട്രിബ്യുണലില്‍ കെട്ടിക്കിടക്കുന്ന ഭൂമി സംബന്ധമായ കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയില്‍ നടത്തിയ പട്ടയവിതരണമേള ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തോളം കേസുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാനുളളത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രതയും അനുഭാവവും പുലര്‍ത്തണം. ഇപ്പോള്‍ വിതരണം ചെയ്ത 77 പട്ടയങ്ങളും ഇത്തരത്തില്‍ തീര്‍പ്പായതാണ്. കഴിഞ്ഞ ഒന്നര വര്‍ഷംകൊണ്ട് 35000 പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. തീര്‍പ്പാക്കാനുളള കേസുകളില്‍ 25ഉം 30ഉം വര്‍ഷങ്ങള്‍ പഴക്കം ഉളളവയും ഉണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങളില്‍ സങ്കീര്‍ണ്ണത ഏറെയുണ്ടെന്നും ജീവനക്കാരുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം പ്രശ്‌നപരിഹാരത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന, കൗണ്‍സിലര്‍ ടി. എന്‍.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ്.           തിരുമേനി സ്വാഗതവും  എഡിഎം കെ. രാജന്‍ നന്ദിയും പറഞ്ഞു.

(കെ.ഐ.ഒ.പി.ആര്‍-1972/17)

date