Skip to main content
 നവീകരിച്ച വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെയും ഉപ്പള-കന്യാന റോഡിന്റെയും  ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍ നിര്‍വ്വഹിക്കുന്നു.

വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെയും  ഉപ്പള-കന്യാന  റോഡിന്റെയും ഉദ്ഘാടനം  മന്ത്രി  നിര്‍വ്വഹിച്ചു

    പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ദീര്‍ഘകാല പരിപാലന കരാറില്‍ സംസ്ഥാന റോഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി 81 കോടി രൂപ ചെലവില്‍ നവീകരിച്ച വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെയും ഉപ്പള-കന്യാന റോഡിന്റെയും  ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍ നിര്‍വ്വഹിച്ചു. ഉപ്പള കൈകമ്പ ജംഗ്ഷനില്‍  നടന്ന ചടങ്ങില്‍  പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു.  
    വിവിധ പദ്ധതികള്‍ക്കായി  റോഡ് വെട്ടിപൊളിക്കുന്നത്  ഒഴിവാക്കുന്നതിനായി ഭാവിയില്‍  നവീകരിക്കുന്ന എല്ലാ  പൊതുമരാമത്ത്  റോഡുകളിലും  250 മീറ്റര്‍ അകലത്തില്‍ ക്രോസ് ഡക്റ്റുകള്‍ നിര്‍മ്മിക്കണമെന്ന് മന്ത്രി പറഞ്ഞു.  പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം  124 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.  കൂടാതെ  റോഡ് അറ്റകുറ്റപണികള്‍ക്ക്   നാലര കോടിയും  അനുവദിച്ചു.  മഞ്ചേശ്വരം മണ്ഡലത്തില്‍  മാത്രം   നാലു വര്‍ഷത്തിനകം  600 കോടി രൂപയുടെ   വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും. ജില്ലയില്‍ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശരാശരി 3000 കോടി രൂപ  അടിസ്ഥാനസൗകര്യത്തിന് ചെലവഴിക്കും. അടിസ്ഥാനസൗകര്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി മികച്ച പ്രൊജക്ടുകള്‍ സമര്‍പ്പിച്ചാല്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.  
    പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു.എം.എല്‍.എമാരായ എന്‍ എ നെല്ലിക്കുന്ന്,  കെ.കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതികളായിരുന്നു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മധൂര്‍, പുത്തിഗെ, പൈവളികെ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം. പെണ്ണമ്മ സ്വാഗവും അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സി.കെ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെയ്ക്ക് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date