Skip to main content

സ്ത്രീ സുരക്ഷ: സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും                                                                                                                                                                     

 

                പത്തിലധികം സ്ത്രീ ജീവനക്കാര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ പരിശോധിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കണമെന്ന സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശം നടപ്പാക്കാത്ത സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസെഫെന്‍ അറിയിച്ചു.  കളക്‌ട്രേറ്റില്‍ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.  ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തൊഴില്‍ വകുപ്പിന്റെ കൂടി സഹകരണം തേടും. 

                അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ തൊഴില്‍ മികവില്ലായ്മ ആരോപിച്ച് മാനസിക പീഡനം നടത്തുന്നതായി കാണിച്ച് ജില്ലയില്‍ നിന്ന് മൂന്ന് അദ്ധ്യാപികമാര്‍ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.  അദ്ധ്യാപക രക്ഷാകര്‍തൃ സമിതിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും ഇത്തരം പരാതികള്‍ ഉയരുന്നുണ്ട്. ജില്ലയിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെതിരെ ബലാല്‍സംഗത്തിന് തെളിവായി രേഖകള്‍ ഹാജരാക്കുകയും എഫ്.ഐ.ആര്‍. തയ്യാറാക്കുകയും ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് കമ്മീഷന്‍ ഗൗരവമായി എടുക്കും.  സ്ത്രീ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരാണ് പോലീസ് നിലപാട്.  സ്‌പോര്‍ട്‌സ് സ്‌കൂളിലെ കോച്ചിനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിയുടെ പിതാവ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.  നേരത്തെ ഇതേ പരാതി മനുഷ്യാവകാശ-ബാലാവകാശ കമ്മീഷനുകള്‍ക്കും പോലീസിലും നല്‍കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.

 

                കമ്മീഷന്‍ 34 പരാതികളാണ് പരിഗണിച്ചത്.  ഇതില്‍ ഏഴെണ്ണം തീര്‍പ്പാക്കി.  പത്തെണ്ണം അടുത്ത സിറ്റിംഗിനായി മാറ്റി.  രണ്ട് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  15 കേസുകളില്‍ പരാതിക്കാരോ എതിര്‍കക്ഷികളോ ഹാജരായില്ല.  ചില കേസുകളില്‍ പരാതിക്കാരോ എതിര്‍കക്ഷിയോ ഹാജരാവുന്നില്ല.  ഇത്തരം പ്രവണതകള്‍ ഗൗരവമായ ലക്ഷ്യത്തോടെ രൂപീകരിച്ച വനിതാ കമ്മീഷന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്നതാണ്.  കമ്മീഷന് മുന്നില്‍ ഏറ്റവും കുറഞ്ഞ പരാതികള്‍ ലഭിക്കാത്തത് വയനാട്ടിലാണ്.  കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലായ്മയാണ് ഇതിന് പ്രധാന കാരണം.  ജനങ്ങളെ ബോധവല്‍കരിക്കാനായി കമ്മീഷന്‍ ഡിസംബര്‍ 10 മുതല്‍ എല്ലാ പഞ്ചായത്തുകളിലും ബോധവല്‍കരണ ക്യാമ്പയിനുകള്‍ നടത്തും. കമ്മീഷന്റെ സംസ്ഥാനത്തെ ആദ്യ റീജനല്‍ സെന്റര്‍ വയനാട്ടിലായിരിക്കുമെന്നും എം.സി. ജോസഫൈന്‍ അറിയിച്ചു.     സിറ്റിംഗില്‍ കമ്മീഷന്‍ അംഗം അഡ്വ.ഷാഹിദ കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.പ്രഭ എന്നിവരും പങ്കെടുത്തു.

date