Skip to main content

തര്‍ക്കങ്ങളില്‍ ഭൂരിഭാഗവും കോടതിയിലെത്തുന്നില്ല: ജസ്റ്റിസ് സുനില്‍ തോമസ്

 

 

                സമൂഹത്തില്‍ അനുദിനമുണ്ടാവുന്ന തര്‍ക്കങ്ങളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമെ കോടതികളിലെത്തുന്നുള്ളുവെന്നും കാലവിളംബവും പണച്ചിലവും കോടതി കയറിയിറങ്ങേണ്ട അവസ്ഥയുമോര്‍ത്താണ് അധികം പേരും കേസുകളുമായി മുന്നോട്ടുപോകാത്തതെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് അഭിപ്രായപ്പെട്ടു.  മധ്യസ്ഥം വഴി കേസുകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ അഭിഭാഷകര്‍ക്കായി നടത്തിയ ബോധവല്‍കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

                കോടതിയില്‍ എത്താത്ത 60 ശതമാനം കേസുകളില്‍ പലപ്പോഴും ഒരുകാലത്തും പരിഹാരമുണ്ടാവുന്നില്ല.  എത്തിയ കേസുകള്‍ തീരാന്‍ കാലവിളംബമുണ്ടാവുന്നതിനാല്‍ വിധിപ്രസ്താവം വന്നാലും പരാതിക്കാരന് യഥാര്‍ത്ഥ നീതി ലഭിക്കുന്നുമില്ല.  ഈ രണ്ട് അവസ്ഥകള്‍ക്കും യഥാര്‍ത്ഥ പരിഹാരമാണ് മധ്യസ്ഥ ശ്രമങ്ങളിലൂടെ കേസുകള്‍ തീര്‍ക്കുക എന്നത്.  കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ വരുന്ന വിധിയിലൂടെ പലപ്പോഴും പ്രശ്‌നം തീര്‍പ്പാവുന്നതേയുള്ളു.  പ്രശ്‌ന പരിഹാരമാവുന്നില്ല. എന്നാല്‍ മധ്യസ്ഥം വഴി കേസിലെ ഇരു കക്ഷികളും തോല്‍ക്കുന്നില്ലെന്ന് മാത്രമല്ല താരതമേ്യന സംതൃപ്തിയോടെയും പ്രശ്‌നം പരിഹരിക്കപ്പെട്ടും പിരിഞ്ഞു പോകുകയാണ് ചെയ്യുന്നത്.  മധ്യസ്ഥം വഴി കേസുകള്‍ തീര്‍പ്പാക്കുന്നതിനനുസരിച്ച് ജനങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസം വര്‍ദ്ധിക്കുകയും കോടതികളെ സമീപിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യും.  അതുകൊണ്ട്തന്നെ മധ്യസ്ഥം അഭിഭാഷകരുടെ തൊഴില്‍ കുറക്കുകയല്ല മറിച്ച് കൂട്ടുകയാണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു.

                കേരള സംസ്ഥാന മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ സെന്ററിന്റെ ആഭ്യമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.    ജില്ലാ ജഡ്ജും ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍, അഡി. ജില്ലാ ജഡ്ജ് ആയൂബ് ഖാന്‍, കല്‍പ്പറ്റ സി.ജെ.എം പി.ശബരിനാഥന്‍,കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ശശികുമാര്‍,ടിവി ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

 

 

date