പൊതുവിദ്യാലയങ്ങളില്‍ ശില്പോദ്യാനം പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം കയ്യൂരില്‍ മന്ത്രി നിര്‍വഹിച്ചു
ശില്പ പ്രതിഷ്ഠ പുതിയ കലാസാംസ്കാരിക മുന്നേറ്റത്തിന് ഊര്‍ജമാകും: മന്ത്രി എ.കെ.ബാലന്
പൊതു വിദ്യാലയങ്ങളില്‍ ശില്പോദ്യാനം നിര്‍മ്മിക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് കയ്യൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് നിര്‍വ്വഹിച്ചു. ശില്പോദ്യാനം ഉദ്ഘാടനം ചെയ്ത മന്ത്രി സിമന്റിലാണ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.
വിദ്യാര്‍ഥികളില്‍ ചിത്രകലയോടും ശില്പ നിര്മാണത്തോടുമുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനാണ് തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ശില്പോദ്യാനവും പ്രശസ്തരെ പങ്കെടുപ്പിച്ച് ചിത്രകലാ ക്യാമ്പുകളും നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ശില്പ പ്രതിഷ്ഠ പുതിയ കലാസാംസ്കാരിക മുന്നേറ്റത്തിന് ഊര്‍ജമാകും. വിവിധ അക്കാദമികളെ ജനശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ ഇരിക്കുന്ന ഇടങ്ങളില്‍ പെയിന്റിംഗുകള്‍ സ്ഥാപിക്കും. മുന്ന് സെന്‍ട്രല്‍ ജയിലുകളില്‍ ആര്‍ട് ഗ്യാലറികള്‍ ആരംഭിക്കുഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്ഥാനം കേരളത്തിലെ സാംസ്കാരിക വകുപ്പിന് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.ഓരോ ജില്ലയിലും നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി സാമൂഹികമാറ്റത്തിന് നേതൃത്വം കൊടുത്ത മഹാരഥന്മാരുടെ പേരില്‍ 14 ജില്ലകളിലും സാംസ്കാരിക സമുച്ചയത്തിന് രൂപം നല്‍കുകയാണ്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും 40 കോടി രൂപ വീതം അനുവദിക്കും.വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ അറിയാനും പഠിക്കാനും സാംസ്കാരിക സമുച്ചയം ഉപകരിക്കും. തെലുങ്കാനയിലും ഡല്‍ഹിയിലും സംഘടിപ്പിച്ച സാംസ്കാരിക വിനിമയ പരിപാടി ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചിത്രശില്പ കലയും നാടോടി സംഗീതവും ഇതര സംസ്ഥാനങ്ങളിലും പരിചയപെടുത്തുകയാണ് ലക്ഷ്യം.
ഡല്‍ഹി സര്‍ക്കാര്‍ തിരുവനന്തപുരത്തും സാംസ്ക്കാരിക പരിപാടികള്‍ നടത്തും. മലയാള മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിദേശ രാജ്യങ്ങളിലും കേരളത്തിന്റെ സാംസ്ക്കാരിക തനിമയും ഭാഷയും പരിചയപെടുത്താന്‍ സാധിച്ചു. സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം ഡിസംബര്‍ 27 വരെ വിപുലമായി സംഘടിപ്പിക്കും. നമ്മുടെ സംസ്കാരം ഏകശിലാരൂപമുള്ള ഹിന്ദുത്വ സംസ്ക്കാരമല്ല. ബഹുസ്വരത കാലധിഷ്ഠിതമായ സാംസ്കാരിക ദേശീയതയാണ് ഭരണഘടന ഉറപ്പ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചലച്ചിത്ര രംഗത്ത് മുന്നേറ്റത്തിനായി ഗ്രാമീണ സിനിമാ ടാക്കീസുകള്‍ വീണ്ടെടുക്കാന്‍ കെഎസ്എഫ്ഡിസി 100 തീയേറ്ററുകള്‍ സ്ഥാപിക്കും. സ്വകാര്യ പങ്കാളിത്തത്തില്‍ 500 തീയേറ്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി ബാലന് പറഞ്ഞു.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്, എക്സിക്യുട്ടിവ് അംഗം രവീന്ദ്രന് തൃക്കരിപ്പൂര്‍,ശില്പി ജീവന് തോമസ്, ശില്പി ഉണ്ണികാനായി, സ്കൂള്‍ ഹെഡ്മാസ്റ്റര് കെ. വി പുരുഷോത്തമന്, ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് പ്രിന്‍സിപ്പാള്‍ വി.എം.വേണുഗോപാല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ഡി സുജ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സകോളര്‍ഷിപ്പും വിവിധ പദ്ധതികളില്‍ വായ്പാ തുകയും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
പുതുതലമുറയ്ക്ക് കൂടുതല്‍ ദൃശ്യാവബോധം ഉണ്ടാക്കത്തക്കവിധത്തില്‍ കരിങ്കല്ലും സിമന്റും ഉപയോഗിച്ച് നിര്‍മിക്കുന്ന ശില്പങ്ങളുടെ ഉദ്യാനം പൊതുവിദ്യാലയ അങ്കണങ്ങളില്‍ ഒരുക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. 14 ശില്പോദ്യാനങ്ങളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ശില്പ നിര്‍മാണം കാണാനും പരോക്ഷമായി പങ്കാളികളാകാനും അവസരം നല്‍കും. കയ്യൂര്‍ എന്ന പ്രതീക ശില്പം 12 അടി വീതിയില്‍ പത്തടിയോളം ഉയരത്തില്‍ ശില്പി ജീവന് തോമസാണ് നിര്‍മിക്കുന്നത്.
- Log in to post comments