പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍റെ സ്കോളര്‍ഷിപ്പുകള്‍ കൈമാറി
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ (കെ.എസ്.ബി.സി.ഡി.സി) ജില്ലാ സഹകരണ ബാങ്ക് സമ്മേളന ഹാളില്‍ സ്കോളര്‍ഷിപ്പ് വിതരണവും വായ്പാ ബോധവത്കരണ ക്ലാസും നടത്തി. സ്കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം എം.ബി.രാജേഷ് എം.പി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിപാടിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ച മറ്റ് പിന്നാക്ക വിഭാഗക്കാരായ 139 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. 1,20,000ല്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി ജില്ലാ മാനേജര്‍ വി.ലത അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ പി.ജി.രാമദാസ്, കെ.എസ്.ബി.സി.ഡി.സി പട്ടാമ്പി ഉപജില്ലാ മാനെജര്‍ അനിറ്റ് ജോസ് , അസിസ്റ്റന്‍റ് മാനേജര്‍ പി.വി സരസ്വതി. എന്നിവര്‍ പങ്കെടുത്തു.
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ (എന്‍്.ബി.സി.എഫ്.ഡി.സി) സഹകരണത്തോടെ സ്വയംതൊഴില്‍ വായ്പാ അപേക്ഷകര്‍ക്കായി സംരംഭകത്വം, വായ്പാ പദ്ധതികള്‍, വായ്പ തിരിച്ചടവ് എന്നിവ സംബന്ധിച്ച് ജെ.സി.ഐ ട്രെയിനര്‍ എ.മുഹമ്മദ് റഫീക്ക് ക്ലാസ് എടുത്തു.
- Log in to post comments