Skip to main content

നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കമായി

 

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമലയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട വെട്ടിപ്പുറം ഇടത്താവളത്തില്‍ ആന്‍റോ ആന്‍റണി എം.പി. നിര്‍വഹിച്ചു. ഒരു ലക്ഷത്തിലധികം എന്‍. എസ്.എസ് വോളണ്ടിയര്‍മാര്‍ ശബരിമല തീര്‍ഥാടകരെ  നേരില്‍ കണ്ട് മാലിന്യ രഹിത തീര്‍ഥാടന സന്ദേശം നല്‍കും. ജില്ലയില്‍ അന്‍പതിനായിരം തീര്‍ഥാടക ഭവനങ്ങളില്‍ നേരിട്ടെത്തി ബോധവത്കരണ ലഘുലേഖ കൈമാറാനാണ് ലക്ഷ്യമിടുന്നത്. തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന പന്തളം കൊട്ടാരം, ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്‍, പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്‍റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ശുചിത്വമിഷന്‍റെ സഹായത്തോടെ തയ്യാറാക്കിയ വിവിധ ഭാഷാ പ്ലക്കാര്‍ഡുകളുമായി വോളണ്ടിയര്‍മാര്‍ മാലിന്യ രഹിത ശബരിമലക്കായി ബോധവത്കരണം നടത്തും. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലെല്ലാം തീര്‍ഥാടന കാലം തീരുന്നതുവരെ ആഴ്ചയില്‍ ഒരിക്കല്‍ ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്നും വോളണ്ടിയര്‍മാര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ക്രിസ് ഗ്ലോബല്‍ എന്ന സ്ഥാപനം പുനഃചംക്രമണത്തിനായി ഏറ്റെടുക്കും. വെട്ടിപ്പുറം ഇടത്താവളം ജൈവവൈവിധ ഉദ്യാനമാക്കി വികസിപ്പിക്കുന്നതിനുള്ള എന്‍.എസ്.എസ് പദ്ധതിക്ക് എം.പി ഫണ്ടില്‍ നിന്നും തുക അനുവദിക്കും. 
ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ സ്റ്റേറ്റ് ബാങ്ക് നല്‍കിയ  അന്‍പതിനായിരം ലഘുലേഖകളുടെ പ്രകാശന കര്‍മം ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ രജനി പ്രദീപ് നിര്‍വഹിച്ചു. എന്‍.എസ്.എസ്. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, കൗണ്‍സിലര്‍ ഷാജഹാന്‍, സ്റ്റേറ്റ് ബാങ്ക് റീജിയണല്‍ മാനേജര്‍ സി. അജയകുമാര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍,  എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ പി.ആര്‍.ഗിരീഷ്, ജേക്കബ് ജോര്‍ജ് കുറ്റിയില്‍, ജെ പ്രദീപ് കുമാര്‍, ബിറ്റു ഐയ്പ്, ജേക്കബ് ചെറിയാന്‍, ജില്ലാ കണ്‍വീനര്‍ ബി.ബിജൂകുമാര്‍, ഇടത്താവള ഏകോപന സമിതി അംഗം രാജു സ്വാമി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 48 എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള  പ്രോഗ്രാം ഓഫീസര്‍മാരും വോളണ്ടിയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.                                (പിഎന്‍പി 3191/17)

date