ഹരിതവിദ്യാലയം റിയാലിറ്റിഷോ: മുദ്രാഗാനം പ്രകാശനം ചെയ്തു
പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്കൂള്‍) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മുദ്രാഗാനം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു.
ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്നും തിരഞ്ഞെടുത്ത 100 സ്കൂളുകളാണ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്. ഒന്നാം സമ്മാനം 15 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും.
2010-11ല്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഒന്നാംഘട്ടത്തിനുവേണ്ടി മഹാകവി ഒ.എന്‍.വി. രചിച്ച് ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതം നല്കിയ മുദ്രാഗാനത്തിന്റെ ദൃശ്യവല്‍ക്കരിച്ച പുതിയ പതിപ്പാണ് പ്രകാശനം ചെയ്തത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള മുദ്രാഗാനത്തില്‍ പൊതുവിദ്യാലയങ്ങളുടെ മികവിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
2017 ഡിസംബര്‍ 4 മുതല്‍ വിക്ടേഴ്സ് ചാനലിലും ദൂരദര്‍ശനിലും ഹരിതവിദ്യാലയം സംപ്രേഷണം ആരംഭിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ധനമന്ത്രി ഡോ. തോമസ് ഐസക്, തദ്ദേശഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍. ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, കൈറ്റ് വൈസ് ചെയര്മാനുംഎക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്സ്.5068/17
- Log in to post comments