ജീനയുടെ നാലാം സ്വര്‍ണത്തിന് ഇക്കുറി റെക്കോഡ് തിളക്കം
സംസ്ഥാനസ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീന ബേസില്‍ വീണ്ടും സ്വര്‍ണമണിഞ്ഞപ്പോള്‍ ഇക്കുറിയതിന് റെക്കോര്‍ഡിന്റെ തിളക്കവുമുണ്ടായിരുന്നു. കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ജീന 3.43 മീറ്റര്‍ ഉയരം താണ്ടിയാണ് ഇക്കുറി പൊന്നണിഞ്ഞത്. 3.42 മീറ്ററായിരുന്നു നിലവിലെ റെക്കോര്‍ഡ്.
അഞ്ചാമത്തെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. 2020 മുതല്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീനയ്ക്ക് എതിരില്ല. സാമ്പത്തിക പരാധീനകള്ക്കിടയിലാണ് ജീനയുടെ വിജയമെന്നത് ഈ സുവര്‍ണനേട്ടത്തിന് വീണ്ടും തിളക്കമേറ്റുന്നു. സ്വന്തമായി വീടില്ലാത്ത ജീനയുടെ ഏറ്റവും വലിയ സ്വപ്നം ഒരു ജോലിയാണ്. സ്കൂളധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ജീന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 3.50 മീറ്റര്‍ താണ്ടാനുള്ള ശ്രമത്തിനിടെ പോള്‍ വീണ് ജീനയുടെ മൂക്കിന് പരിക്കേറ്റിരുന്നു.
ബീഹാറിലെ പട്നയില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസിലും ജീന സ്വര്‍ണം നേടിയിരുന്നു. കര്‍ഷകനും കോതമംഗലം ഊന്നുകല്‍ സ്വദേശിയുമായ ബേസില്‍ വര്‍ഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ്.
ഉയരപ്പോരാട്ടത്തില് ജീനയുടെ എതിരാളി മാര്‍ബേസിലിലെ തന്നെ എമി ട്രീസ ജിജിയായിരുന്നു. എന്നാല്‍ 2.70 മീറ്റര്‍ ചാടി എമി രണ്ടാമതായി. കോഴിക്കോട് മേപ്പയൂര്‍ ഗവ. വി എച്ച് എസ് എസിലെ എസ് ജാന്‍വി 2.30 മീറ്റര്‍ താണ്ടി വെങ്കലം നേടി.
- Log in to post comments