Skip to main content

71 കേന്ദ്രങ്ങളില്‍ താമസസൗകര്യം; പരാതികളില്ലാതെ കൊച്ചിയില്‍ അന്തിയുറങ്ങി കുട്ടിത്താരങ്ങള്‍

 

ഒളിമ്പിക്‌സ് മാതൃകയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാനസ്‌കൂള്‍ കായികമേള വിജയകരമായി അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ശുചിത്വവും സുരക്ഷയും ഉറപ്പാക്കി മികച്ച താമസസൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയതെന്ന് കുട്ടികളും അധ്യാപകരും ഒരുപോലെ പറയുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മേളയ്‌ക്കെത്തിയ കുട്ടികള്‍ക്കും ഒഫീഷ്യല്‍സിനുമായി 71 കേന്ദ്രങ്ങളിലാണ് താമസസൗകര്യം ഒരുക്കിയത്. ഇതുകൂടാതെ എട്ട് സ്‌കൂളുകള്‍ റിസര്‍വ് ചെയ്തു വെക്കുകയും ചെയ്തിരുന്നു. മത്സരവേദികളുടെ സമീപത്തുള്ള സ്‌കൂളുകള്‍ തിരഞ്ഞെടുത്താണ് താമസകേന്ദ്രങ്ങള്‍ ഒരുക്കിയത്. 71 സ്‌കൂളുകളെ ഏഴ് ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു ക്രമീകരണം. 
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മത്സരങ്ങള്‍ നടന്ന ആദ്യ രണ്ട് ദിനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ക്ക്  അധിക താമസസൗകര്യവും ഒരുക്കി. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി കുട്ടികളും ഒഫീഷ്യല്‍സും അടങ്ങുന്ന 24,000 പേര്‍ക്കാണ് നഗരത്തില്‍ താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്. ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തിയാണ് ഓരോ കേന്ദ്രവും സജ്ജീകരിച്ചത്. ശുചിമുറികള്‍, കുടിവെള്ളം എന്നിവക്കുള്ള സൗകര്യം ഒരുക്കുകയും കൊതുക് നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഫോഗിംങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കൂടാതെ ഹെര്‍ബല്‍ മോസ്‌കിറ്റോ സ്റ്റിക്കും വിതരണം ചെയ്യുന്നുണ്ട്. ശുചിമുറികള്‍ കുറവുള്ള ഇടങ്ങളില്‍ ഇ ടോയ്‌ലറ്റുകളും സജ്ജമാക്കി. ശുചിത്വം ഉറപ്പുവരുത്തുന്നതിന് ടോയ്ലറ്റുകളില്‍  കൃത്യമായ പരിശോധനയും ശുചീകരണവും ഉറപ്പാക്കുന്നുണ്ട്.
പ്രത്യേകമായി തയ്യാറാക്കിയ ക്യു ആര്‍ കോഡ് വഴിയാണ് ഓരോ ജില്ലയില്‍ നിന്നും എത്തുന്നവര്‍ക്ക് താമസസൗകര്യം, മത്സരവേദി എന്നിവ കൃത്യമായി അറിയുന്നതിന് സംവിധാനം ഒരുക്കിയത്. താമസകേന്ദ്രങ്ങളില്‍ നിന്ന് മത്സര വേദികളിലേക്കും തിരിച്ചും എത്തിക്കുന്നതിന് വാഹനസൗകര്യവും സജ്ജമാക്കി. ഓരോ താമസകേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധ്യാപകരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

date