Skip to main content

ഹബ് ആന്‍ഡ് ലാബോറട്ടറി സാമ്പിള്‍ കളക്ഷനില്‍ കുടുംബശ്രീയും

ആരോഗ്യവകുപ്പിന്റെ ആര്‍ദ്രംമിഷന്റെ ഭാഗമായുള്ള ഹബ് ആന്റ്  ലാബോറട്ടറി  സാമ്പിള്‍ കളക്ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കാളികളാകുന്നു. പന്തളം ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കുടുംബാരോഗ്യ കേന്ദ്രം പന്തളം തെക്കേക്കര, തുമ്പമണ്‍, മെഴുവേലി  വല്ലന, കുളനട, ആറന്‍മുള തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ഇവരുടെ വേതനം നല്‍കുന്നത്.ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ തുമ്പമണ്‍ ബ്ലോക്ക് പബ്ലിക്‌ഹെല്‍ത്ത്‌ലാബ്, കോഴഞ്ചേരി ടി.ബിസെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ടെസ്റ്റ് ചെയ്യുന്നത്. ടി.ബിപരിശോധനയില്‍ തുടങ്ങി ഘട്ടം ഘട്ടമായി സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയത്തിനായുള്ള പാപ്‌സ്മിയര്‍ പരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു.ആദ്യഘട്ടമെന്ന
നിലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ നടത്തുന്ന ശൈലീസര്‍വേയില്‍ സംശയ നിഴലിലു ള്ള വ്യക്തികളുടെ പാപ്‌സ്മിയര്‍ പരിശോധന വല്ലന കുടുംബാരോഗ്യ കേന്ദ്രത്തില്‍  നടത്തി സാമ്പിള്‍ കുടുംബശ്രീ സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ക്ക് കൈമാറി. സാമ്പിളുകള്‍ കോഴഞ്ചേരി പബ്ലിക്‌ഹെല്‍ത്ത് ലാബില്‍ പരിശോധനക്ക് വിധേയമാക്കും. പന്തളം ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാമിഷന്‍,  കുടുംബശ്രീമിഷന്‍ എന്നിവരുടെ ഏകോപനത്തിലാണ്  പ്രവര്‍ത്തിക്കുന്നത്.

date