ഈവ ടീച്ചര്‍ക്കും കിട്ടി ഇരട്ട സ്വര്‍ണം
കുട്ടികള്‍ മല്‍സരിക്കുന്നതുകണ്ട് ആവേശത്തില്‍ ട്രാക്കിലിറങ്ങിയ ഈവ ടീച്ചര്‍ക്കും കിട്ടി രണ്ടു സ്വര്‍ണം, അതും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നടന്ന മത്സരങ്ങളില്‍. പത്തനംതിട്ട ചെങ്ങന്നൂര്‍ സെന്റ് തെരേസാസ് ബെതനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപികയായ ഈവ സാറ ജേക്കബ് സംസ്ഥാനസ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന അധ്യാപകരുടെ അത്ലറ്റിക് മത്സരങ്ങളില്‍ ഓടിയും എറിഞ്ഞും നേടിയതാണീ സ്വര്‍ണം.
30 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തിലും ഷോട്ട്പുട്ടിലുമാണ് ടീച്ചര്‍ സ്വര്‍ണം നേടിയത്. 6.81 മീറ്റര്‍ എറിഞ്ഞാണ് ഷോട്ട് പുട്ടില്‍ സ്വര്‍ണം നേടിയത്.
വിദ്യാര്‍ഥികളെയും കൊണ്ട് മത്സരിക്കാന്‍ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ടീച്ചര്‍ മത്സരിക്കാന്‍ ഇറങ്ങിയത്. മഹാരാജാസിന്റെ മൈതാനത്ത് മത്സരിക്കാനിറങ്ങി സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് ടീച്ചര്‍ പറഞ്ഞു. പഠനകാലത്ത് ജൂഡോ, വോളിബോള്‍, റെസ്ലിംഗ് തുടങ്ങിയ മത്സരങ്ങളില്‍ ടീച്ചര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കായികാധ്യാപകരായ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് ടീച്ചറും മേഖലയിലേക്ക് എത്തുന്നത്. അധ്യാപകനായ സിജോ എന്‍ രാജുവാണ് ഭര്‍ത്താവ്. മകള്‍ എലോറ സിജോ.
- Log in to post comments