Skip to main content

മംഗലം, പോത്തുണ്ടി ഡാമുകളുടെ വലതു കര കനാലുകള്‍  ഇന്ന് തുറന്നു വിടും;   ജലസേചന പദ്ധതികളുടെ പ്രൊജക്ട് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു

ജലസേചനത്തിനായി മംഗലം, പോത്തുണ്ടി ഡാമുകളുടെ വലതു കര കനാലുകള്‍  ഇന്ന് (നവംബര്‍ 13) തുറന്നു വിടാന്‍ തീരുമാനം. മലമ്പുഴ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മംഗലം, മലമ്പുഴ, പോത്തുണ്ടി, ചേരാമംഗലം ജലസേചന പദ്ധതികളുടെ പ്രൊജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മംഗലം പദ്ധതിയുടെ വലതു കര കനാല്‍ രാവിലെ എട്ടു മണിക്കും പോത്തുണ്ടി പദ്ധതിയുടെ വലതു കര കനാല്‍ രാവിലെ ഏഴു മണിക്കുമാണ് തുറന്നു വിടുക.
മലമ്പുഴ ഡാമില്‍ നിലവില്‍ 115.05 മീറ്ററാണ് ജലനിരപ്പ്. 222.412 മില്യണ്‍ ക്യുബിക് മീറ്റര്‍ (Mm3) ആണ് ലൈവ് സ്റ്റോറേജ്. മലമ്പുഴ ഇടതുകര, വലതു കര കനാലുകളിലൂടെ 82 ദിവസം ജല വിതരണം നടത്താൻ സാധിക്കുമെന്നും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലമ്പുഴ വലതുകര കനാൽ നവംബര്‍ 18 ന് രാവിലെ മണിക്ക് തുറക്കുന്നതിനും ഇടതുകര കനാൽ നവംബര്‍ 15 ന് രാവിലെ മണിക്ക് തുറക്കുന്നതിനും ഡിസംബര്‍ രണ്ടിന് അടച്ച് അഞ്ചിന് വീണ്ടും തുറക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പോത്തുണ്ടി ഡാമില്‍ നിലവിലെ ജലനിരപ്പ് 107.91 മീറ്ററും സംഭരണം 42.96 Mm3 ആണ്. ഡാമിൽ നിന്നും കുടിവെള്ളത്തിനായി 7.023 Mm3 നിലനിർത്തിക്കൊണ്ട് ജലസേചനത്തിന് ലഭ്യമായ 35.96 Mm³3 ജലം ഉപയോഗിച്ചുകൊണ്ട് ഇടതുകര വലതുകര കനാലിലൂടെ 64 ദിവസം വിതരണം നടത്താൻ സാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.  യോഗ തീരുമാനപ്രകാരം പോത്തുണ്ടി പദ്ധതിയുടെ വലതുകരകനാൽ ഇന്ന് രാവിലെ ഏഴു മണിക്കും ഇടതുകര കനാൽ നവംബര്‍ 15 ന്  രാവിലെ ഏഴു മണിക്കും രണ്ടാം വിള ജല വിതരണത്തിനായി തുറക്കും.
മംഗലം ഡാമിലെ ജലനിരപ്പ് നിലവില്‍ 77.71 മീറ്ററും സംഭരണം 24.48 Mm3 ഉം ആണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  മംഗലം പദ്ധതിയുടെ ഇടതുകര വലതുകര കനാലിലൂടെ 70 ദിവസം ജലവിതരണം നടത്താൻ സാധിക്കും. മംഗലം പദ്ധതിയുടെ വലതുകര കനാൽ ഇന്ന് രാവിലെ എട്ടു മണിക്കും ഇടതുകര കനാൽ നവംബര്‍ 14 ന് രാവിലെ എട്ടു മണിക്കും ജലവിതരണത്തിനായി തുറക്കാനും യോഗത്തില്‍ തീരുമാനിച്ചു.

മലമ്പുഴ ജെ.ഡബ്ല്യു.ആര്‍ ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ പി.എ.സി അംഗങ്ങള്‍, കൃഷി- ജലസേചന വകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 

date