സായുധസേനാ പതാകനിധിയിലേക്ക് ജില്ലയിൽനിന്ന് 15.35 ലക്ഷം രൂപ സമാഹരിക്കും
സായുധസേനാ പതാകനിധിയിലേക്ക് കോട്ടയം ജില്ലയിൽനിന്ന് ഈ വർഷം 15.35 ലക്ഷം രൂപ സമാഹരിക്കാൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സായുധസേന പതാകദിന നിധി കമ്മിറ്റി തീരുമാനിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. സായുധസേനാ പതാകദിനത്തിന്റെ ടോക്കൺ ഫ്ളാഗ്, കാർ ഫ്ളാഗ്, കാർ ഗ്ലാസ് സ്റ്റിക്കർ എന്നിവയുടെ വിൽപനയിലൂടെയും എൻ.സി.സി. കേഡറ്റ്സ് ഹുണ്ടി ബോക്സ് പിരിവിലൂടെയും സഹകരണ സൊസൈറ്റികളുടെ പൊതുനന്മഫണ്ടിൽനിന്ന് സംഭാവന സ്വീകരിച്ചുമാണ് പതാകനിധിയിലേക്ക് തുക സമാഹരിക്കുക. വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.
ടോക്കൺ ഫ്ളാഗിന് 10 രൂപയും കാർ ഫ്ളാഗിന് 20 രൂപയും കാർ ഗ്ലാസ് സ്റ്റിക്കറിന് 100 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. 70080 ടോക്കൺ ഫ്ളാഗുകളും 39680 കാർ ഫ്ളാഗുകളും 408 കാർ ഗ്ലാസ് സ്റ്റിക്കറുകളും വിവിധ വകുപ്പുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവ വഴി വിതരണം ചെയ്യും. ഡിസംബർ ഏഴിനാണ് സായുധസേന പതാക ദിനം. സായുധസേനാ പതാകനിധിയിലേക്ക് ജില്ലാതലത്തിൽ മികച്ച നിലയിൽ തുക സമാഹരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും വിദ്യാഭ്യാസ ഇതര സ്ഥാപനത്തിനും ട്രോഫി നൽകും. കഴിഞ്ഞ വർഷം മൗണ്ട് കാർമൽ എച്ച്.എസ്.എസും ജില്ലാ രജിസ്ട്രാർ ഓഫീസുമാണ് ഈ നേട്ടം കൈവരിച്ചത്. സായുധസേന പതാകനിധിയിലേക്ക് തുക സമാഹരണത്തിന് എല്ലാവരും സഹകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അഭ്യർഥിച്ചു.
ജില്ലാ സൈനിക ബോർഡ് യോഗവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ സൈനിക ബെനവലന്റ് ഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതിനുള്ള വിമുക്തഭടന്മാരുടെ സാമ്പത്തിക സഹായത്തിനായുള്ള എട്ട് അപേക്ഷകൾ സൈനിക ക്ഷേമ ഡയറക്ട്രേറ്റിന് സമർപ്പിക്കുന്നതിനായി അനുമതി നൽകി. സംസ്ഥാന സൈനിക ബെനവലന്റ് ഫണ്ടിൽനിന്ന് സഹായം അനുവദിക്കുന്നതിനായി 3.76 ലക്ഷം രൂപയുടെ 25 അപേക്ഷകൾ ഡയറക്ടറേറ്റിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ സൈനികക്ഷേമ ഓഫീസർ ക്യാപ്റ്റൻ വിനോദ് മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ഉഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments