സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : വിളംബര ജാഥ ഇന്ന് (നവംബർ 14 ന് )
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് സംഘാടകസമിതിയുടേയും, റിസപ്ഷൻ കമ്മിറ്റിയുടേയും , പബ്ലിസിറ്റി കമ്മറ്റിയുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവ വിളംബര ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി റിസപ്ഷൻ കമ്മിറ്റി കൺവീനർ വി അനിത , മീഡിയ കൺവീനർ ടി മുഹമ്മദ് ഫൈസൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അനസ് എം അഷ്റഫ് എന്നിവർ അറിയിച്ചു.
വ്യാഴം രാവിലെ 9 മണിക്ക് കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൻറെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ദലീമ ജോജോ എം എൽ എ ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന പതാക ജാഥ ചേർത്തല , അരൂർ , ആലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 മണിക്ക് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.
ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം വി പ്രിയ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന ദീപശിഖാ റാലി കുട്ടനാട് , ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേരും.
ഇതോടൊപ്പം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് ശാസ്ത്രമേള സംഘാടകസമിതിയുടെ നാമധേയത്തിൽ ഏർപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര എം. എസ്. അരുൺ കുമാർ എം എൽ എ ഉദ്ഘാടന നിർവ്വഹിച്ച് ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും. തുടർന്ന് നാല് മണിയോട് കൂടി ശതാബ്ദി മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സംഘാടകസമിതി ചെയർമാനും ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. വാദ്യ മേളങ്ങളുടെയും , ബാൻഡ് സെറ്റിന്റെയും അകമ്പടിയും, ജില്ലാ സ്പോർട്സ് കൗൺസിൽ കായികതാരങ്ങളും, സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായിക താരങ്ങളും , റോവിങ്ങ് താരങ്ങളും, നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എൻസിസി, എസ് പി സി,സ്കൗട്ട് ആൻ്റ് ഗൈഡ് വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ,രക്ഷകർത്താക്കളും പൊതുജനങ്ങളും തുടങ്ങിയവർ അണിനിരക്കുന്ന വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിൽ എത്തിച്ചേരുമ്പോൾ സ്കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മേളക്ക് തിരി തെളിക്കും.
(പി.ആര്/എ.എല്.പി./2329)
- Log in to post comments