Skip to main content
0

വയനാട് ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടിയിൽ 66.39 % പോളിംഗ്

 

-ഉപതെരഞ്ഞെടുപ്പ് സമാധാനപരം

ബുധനാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 66.39 % പോളിംഗ്. 

ആകെയുള്ള 1,84,808 വോട്ടർമാരിൽ 1,22,705 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ത്രീകളിൽ 68.34 % പേരും പുരുഷന്മാരിൽ 64.40 % പേരും വോട്ടർ പട്ടികയിൽ പേരുള്ള മൂന്ന് ട്രാൻസ്‌ജൻഡർ വ്യക്തികളിൽ ഒരാളും വോട്ട് ചെയ്തു. 

ഈ വർഷം ഏപ്രിൽ 26 ന് നടന്ന തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ 73.37 % ആയിരുന്നു പോളിംഗ്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 81.26 ശതമാനം പേർ. 

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 10.30 ആയപ്പോൾ 21 % പിന്നിട്ടു. ഉച്ചയോടെ 40 % കടന്ന പോളിംഗ് വൈകുന്നേരം 3.30 ആയപ്പോൾ 50 ശതമാനമായി. വൈകീട്ട് ആറു മണിയോടെ മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും  വോട്ടെടുപ്പ് പൂർത്തിയായി. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രവും മറ്റ് സാമഗ്രികളും തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായ കൂടത്തായി സെന്റ് മേരീസ് എൽ പി സ്കൂളിൽ തിരികെ എൽപ്പിച്ചു. പോളിംഗ് സാധനസാമഗ്രികൾ ഏറ്റുവാങ്ങാൻ 18 കൗണ്ടറുകൾ ഇവിടെ ഒരുക്കിയിരുന്നു. 

സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പിനായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങൾ വെബ് കാസ്റ്റിംഗ് വഴി നിരീക്ഷിക്കുന്നതിനായി ജില്ല കണ്‍ട്രോള്‍ റൂം കോഴിക്കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ശീതൾ ജി മോഹൻ  എന്നിവർ നടപടിക്രമങ്ങൾ നിരീക്ഷിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ശക്തമായ സുരക്ഷാ സന്നാഹമായിരുന്നു വോട്ടെടുപ്പിനായി ഒരുക്കിയത്. കൂടത്തായി സെന്റ് മേരീസ് എൽപിഎസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ  കെ എൻ ബിന്ദുവിൻ്റെ നിയന്ത്രണത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു. 

വോട്ടെണ്ണൽ കേന്ദ്രത്തിൽ ത്രിതല സുരക്ഷാ സംവിധാനം 

വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ 24 മണിക്കൂറും നീരിക്ഷിക്കാന്‍ ഗസറ്റഡ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സിഎപിഎഫ്, സ്റ്റേറ്റ് ആംഡ് പോലിസ്, കേരള പോലീസ് സേനകള്‍ ചേര്‍ന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉപവരണാധികാരി എല്ലാദിവസവും സ്ട്രോങ്ങ് റൂം പരിശോധിക്കും. വരണാധികാരിയുടെ പരിശോധനയുമുണ്ടാവും.

date