Skip to main content

*ജല്‍ശക്തി അഭിയാന്‍: കേന്ദ്രസംഘം ജില്ലയിലെത്തി*

 ജല്‍ശക്തി അഭിയാന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം തുടങ്ങി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും പദ്ധതിയുടെ കേന്ദ്ര നോഡല്‍ ഓഫീസറുമായ സൗരഭ് ജെയ്ന്‍, കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് സയന്റിസ്റ്റ് ബിന്ദു ജെ. വിജു എന്നിവരാണ് സംഘത്തിലുള്ളത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജല്‍ശക്തി അഭിയാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഹൈഡ്രോ ജിയോളജിസ്റ്റ് ശ്രീജിത് എ.പി ജില്ലയിലെ ജല ലഭ്യതയും ജല വിനിയോഗവും സംബന്ധിച്ച് വിശദീകരിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി, അസി. കലക്ടര്‍ വി.എം ആര്യ, ഭൂജല വകുപ്പ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് കബീര്‍ തെക്കേടത്ത്, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ മികച്ച ജലസംരക്ഷണ മാതൃകകള്‍ നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷം ഇന്ന് (നവംബര്‍ 15) ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജല്‍ ശക്തി കേന്ദ്രത്തിലും സംഘം സന്ദര്‍ശനം നടത്തും.  ഉച്ചയ്ക്ക് 12 ന് ജില്ലാകളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ അവലോകനം നടത്തും.

date