ശാസ്‌ത്രോത്സവം: വിജയികളെ കാത്തിരിക്കുന്നത് 530 ട്രോഫികള്‍
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 56ാമത് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവുമ്പോള്‍ വിജയികളെ കാത്തിരിക്കുന്നത് 530 ട്രോഫികള്‍. സംസ്ഥാനസ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇതാദ്യമായി ഏര്‍പ്പെടുത്തി എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫിയാണ് മേളയുടെ പ്രധാന ആകര്‍ഷണം. ഈ ട്രോഫി തയ്യാറാക്കിയ അഭിനന്ദു എസ് ആചാര്യ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തിപരിചയ മേളയില്‍ മത്സരിക്കുന്നുണ്ട് എന്ന കൗതുകവും മേളക്കുണ്ട്.
78 എവറോളിങ് ട്രോഫികളും 452 വ്യക്തിഗത ട്രോഫികളുമാണ് ശാസ്ത്ര പ്രതിഭകളെ കാത്തിരിക്കുന്നത്. ശാസ്ത്രമേളക്ക് 76, സാമൂഹ്യശാസ്ത്രമേളക്ക് 30, ഗണിതശാസ്ത്രമേളക്ക് 58, പ്രവൃത്തിപരിചയമേളക്ക് 136, ഐടി മേളക്ക് 32, വൊക്കേഷണല്‍ എക്‌സ്‌പോ 8, ഭിന്നശേഷി കുട്ടികളുടെ പ്രവൃത്തിപരിചയമേളക്ക് 112 എന്നിങ്ങനെ വ്യക്തിഗത ട്രോഫികളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും മികച്ച ജില്ലക്ക് നല്‍കുന്ന എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി കൂടാതെ രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ജില്ലകള്‍ക്കും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന മികച്ച സ്‌കൂളുകള്‍ക്കും ഉപജില്ലകള്‍ക്കും ട്രോഫികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിവയില്‍ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില്‍ മുന്നിലെത്തുന്ന മൂന്ന് സ്ഥാനക്കാര്‍ക്കും എവറോളി ട്രോഫികളുണ്ട്. വൊക്കേഷന്‍ എക്‌സ്‌പോയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന മികച്ച മേഖലക്കും ട്രോഫി ലഭിക്കും.
മല്‍സരങ്ങള്‍ നടക്കുന്ന നാല് സ്‌കൂളുകളിലും ട്രോഫി കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതത് മേളയുടെ ട്രോഫികള്‍ അതേ വേദിയില്‍ തന്നെ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ട്രോഫി വാങ്ങുവാന്‍ മറ്റ് വേദിയിലേക്ക് പോകേണ്ടതില്ല.
(പി.ആര്‍./എ.എല്‍.പി/2339)
- Log in to post comments