ശിശുദിന വാരാഘോഷം: ബാലസൗഹൃദ യാത്രക്ക് സ്വീകരണം നല്‍കി
ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂനിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനും ചേര്‍ന്ന് സംഘടിപ്പിച്ച ബാലസൗഹൃദ യാത്രക്ക് മലപ്പുറം കളക്ടറേറ്റില്‍ സ്വീകരണം നല്‍കി. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, സി.ഡി.പി.ഒമാരായ വി. പ്രമീള, റജീന, ടി.എം ഷാഹിന, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ.കെ മുഹമ്മദ് സാലിഹ്, മുഹമ്മദ് ഫസല്‍ പുള്ളാട്ട്, ചൈല്‍ഡ് ഹെല്പ്‌ലൈന്‍ കോഓര്‍ഡിനേറ്റര്‍ സി. ഫാരിസ എന്നിവര്‍ സംസാരിച്ചു.
'പ്രകൃതി ദുരന്തങ്ങളും കുട്ടികളും' സന്ദേശത്തില്‍ വഴിക്കടവില്‍നിന്ന് ആരംഭിച്ച ബൈക്ക് റാലി ജില്ലാ വനിത ശിശു വികസന ഓഫിസര്‍ കെ.വി ആശാമോള്‍ ഫ്ളാഗ് ഓഫ് ചെയ്തു. നിലമ്പൂര്‍, മമ്പാട്, എടവണ്ണ, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, ചൈല്‍ഡ് ഫ്രണ്ട്‌ലി ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മഞ്ചേരിയിലും മലപ്പുറത്തും അര്‍ബന്‍ ശിശു വികസന പദ്ധതി ഓഫീസര്‍ വി. പ്രമീളയുടെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകരും നിലമ്പൂര്‍ ചന്തക്കുന്ന് സ്റ്റാന്‍ഡില്‍ ഗുഡ് ഹോപ്പ് സ്‌കൂളിലെ വിദ്യാര്‍ഥികളും ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ കോട്ടക്കലില്‍നിന്ന് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ റാലി തിരൂര്‍ തുഞ്ചന്‍ പറമ്പ് സന്ദര്‍ശിച്ച് പൊന്നാനി കര്‍മ റോഡില്‍ സമാപിക്കും. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ചൈല്‍ഡ് ഹെല്‍പ്ലൈന്‍ നമ്പറിന്റെയും (1098) ബാലനിധി ഫണ്ടിന്റെയും പ്രചാരണം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും അവകാശ ലംഘനങ്ങളും തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബാലസൗഹൃദ യാത്ര. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് യാത്രയില്‍ പങ്കാളികളാകുന്നത്.
- Log in to post comments