സംസ്ഥാനസ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ വരവറിയിച്ച് വിളംബര ജാഥ
ആലപ്പുഴ നഗരത്തിൽ ആഘോഷ സായാഹ്നമൊരുക്കി സംസ്ഥാനസ്കൂൾ ശാസ്ത്രോത്സവ വിളംബര ജാഥ. ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിൽ നിന്നും വൈകിട്ട് നാലിന് ആരംഭിച്ച വിളംബര ഘോഷയാത്ര എച്ച് സലാം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.
സംഘാടകസമിതി ചെയർമാനും ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൻ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി എസ് താഹ, ആർ റിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത എന്നിവർ ജാഥക്ക് നേതൃത്വം നൽകി അണിനിരന്നു.
സംസ്ഥാനസ്കൂൾ കായിക മേളയിൽ മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കി ആലപ്പുഴയുടെ അഭിമാനമായി മാറിയ സെൻ്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആർ ശ്രേയ പതാകയേന്തി. മേളയുടെ
ദീപശിഖക്ക് പിന്നാലെ അത് ലറ്റുകളും അണി നിരന്നു.
വാദ്യമേളങ്ങളുടെയും അമ്മൻകുടത്തിൻ്റെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടെ നിങ്ങിയ ജാഥയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ കായികതാരങ്ങളും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായിക താരങ്ങളും റോവിങ് താരങ്ങളും അണിനിരന്നു.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എൻസിസി, എസ് പി സി, സ്കൗട്ട് ആൻ്റ് ഗൈഡ് വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും വിളംബരജാഥക്ക് മിഴിവേകി. ജനപ്രതിനിധികൾ, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ഘോഷയാത്രക്ക് ആയിരങ്ങൾ സാക്ഷിയായി. വിളംബരഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിൽ
സമാപിച്ചു.
വിളംബരഘോഷയാത്രക്ക് മുന്നോടിയായി വ്യാഴാഴ്ച്ച രാവിലെ കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൻറെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിച്ച പതാക ജാഥ
ദലീമ ജോജോ എം എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചേർത്തല, അരൂർ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിച്ചു.
ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം വി പ്രിയ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ദീപശിഖാ റാലി കുട്ടനാട് , ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേർന്നു.
ഇതോടൊപ്പം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് ശാസ്ത്രമേള സംഘാടകസമിതി ഏർപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര ഗവ. വി. എച്ച്.എസ്.എസ് മുളക്കുഴയിൽ നിന്ന് ആരംഭിച്ചു. ട്രോഫി വരവേൽപ് ചടങ്ങ് എസ്. ഐ.ഇ.റ്റി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേർന്നത്. മൂന്ന് ജാഥകളും ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേർന്നതിനെ തുടർന്നാണ്
വിളംബരജാഥ ആരംഭിച്ചത്.
- Log in to post comments