മാലിന്യസംസ്കരണത്തിന് ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളുമായി കുട്ടികളുടെ ഹരിതസഭ
പുതുതലമുറക്ക് മാലിന്യനിര്മ്മാര്ജനത്തെ സംബന്ധിച്ച് ശാസ്ത്രീയ അവബോധം ലഭിക്കുന്നതിനും നവകേരളത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനുമായി ജില്ലയിലെ 38 ഗ്രാമപഞ്ചായത്തിലും മൂന്ന് നഗരസഭകളിലുമായി കുട്ടികളുടെ ഹരിതസഭകള്‍ ചേര്‍ന്നു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹരിതകേരളം മിഷന്, ശുചിത്വമിഷന്, കില, കുടുംബശ്രീ എന്നിവയുടെയും സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഹരിതസഭ സംഘടിപ്പിച്ചത്.
ജില്ലയില്‍ 41 കേന്ദ്രങ്ങളിലായി ആറായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ ഏഴ് അംഗ പാനലുകളാണ് ഹരിതസഭ നിയന്ത്രിച്ചത്. ഓരോ വിദ്യാലയത്തില്‍ നിന്നും മാലിന്യ സംസ്കരണ രംഗത്ത് വിദ്യാലയത്തിന്റെ അവസ്ഥയും വിദ്യാലയത്തിന്റെ ചുറ്റുപാടുമുള്ള അവസ്ഥയും വിശദീകരിച്ചുകൊണ്ടുള്ള മികച്ച അവതരണമാണ് നടന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ജി.എല്‍.പി.എസ് മുച്ചിലോട്ട് നടന്ന ഹരിതസഭയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് പങ്കെടുത്തു. കാസര്‍കേട് നഗരസഭയില്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, നീലേശ്വരം നഗരസഭയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, കാഞ്ഞങ്ങാട് നഗരസഭയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ സിനി ആര്‍ട്ടിസിറ്റ് പി.പി കുഞ്ഞികൃഷ്ണന് മാസറ്റര്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ ഡോ.പീതാംബരന്, മറ്റ് ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരാണ് കുട്ടികളുടെ ഹരിതസഭ ഉദ്ഘാടനം ചെയ്തത്. ഹരിതസഭയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
- Log in to post comments