Skip to main content

ശാസ്‌ത്രോത്സവത്തിന്റെ പ്രാധാന്യം വിളിച്ചോതി ശാസ്ത്രപ്രതിഭകളുടെ ഓപ്പണ്‍ ഗാലറി

ആലപ്പുഴയില്‍ ഇന്ന് തുടക്കം കുറിക്കുന്ന സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റ പ്രാധാന്യം വിളിച്ചോതി ശാസ്ത്രരംഗത്തെ അത്ഭുത പ്രതിഭകളുടെ ഛായാചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓപ്പണ്‍ ഗാലറി തുറന്നു. ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായസെന്റ് ജോസഫ്‌സ് എച്ച് എസ് എസില്‍ ഒരുക്കിയ ഓപ്പണ്‍ ഗ്യാലറി വെള്ളിയാഴ്ച രാവിലെ 10. 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു.
ശാസ്‌ത്രോത്സവ സംഘാടകസമിതിചെയര്‍മാന്‍കൂടിയായ ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രത്യേക നിര്‍ദേശപ്രകാരം കേരള ലളിതാകലാ അക്കാദമിയിലെ കലാകാരന്മാരാണ് 25 പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരുടെ ഛായ ചിത്രങ്ങള്‍ ഒരുക്കിയത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ടിം ബെര്‍ണേഴ്സ് ലീ, ഡോ. എ പി ജെ അബ്ദുള്‍ കലാം, എസ് രാമാനുജന്‍, ഡോ. വിക്രം സാരാഭായി, ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്,ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ് തുടങ്ങിയ ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭകളുടെ ഛായാചിത്രങ്ങള്‍ ഗ്യലറിയെ സമ്പന്നമാക്കുന്നു. ചിത്രകാരന്‍മാരായ ഉദയന്‍ വാടയ്ക്കല്‍, എം ഹുസൈന്‍, വി ആര്‍ രഘുനാഥ്, വിമല്‍കുമാര്‍ എന്നിവരാണ് ഛായചിത്രങ്ങള്‍ തയാറാക്കിയത്.
ആലപ്പുഴയുടെ അഭിമാനമായ ഡോ. ടെസി തോമസിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ്, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ഇ എസ് ശ്രീലത, വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date