സാമ്പത്തിക പ്രയാസങ്ങൾ വികസനത്തെ ബാധിക്കില്ല : മന്ത്രി ജി. ആർ അനിൽ
സാമ്പത്തിക പ്രയാസങ്ങൾ വിദ്യാഭ്യാസ ആരോഗ്യ, മേഖലകളിലെ അടിസ്ഥാന വികസനത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധയോടെയുള്ള ഇടപെടൽ നടത്തിവരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് ഗവ. എൽ. പി സ്കൂളിനും മോഡൽ നഴ്സറിക്കുമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇതിനോടകം കോടികൾ ചെലവഴിച്ചിട്ടുണ്ട്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികൾക്കും സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയങ്ങളെ മികവിന്റ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 11 ലക്ഷം വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പഠനത്തിൽ അധ്യാപകരെ പോലെ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടുചേർത്തു.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
നെടുമങ്ങാട് ഗവ. എൽ. പി സ്കൂളിന്റെയും മോഡൽ നഴ്സറിയുടെയും 200 ആം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് 2 കോടി രൂപ ഇപ്പോൾ അനുവദിച്ചത് . 26 സീറ്റുള്ള സ്കൂൾ ബസ്സിന് 23 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.
- Log in to post comments