കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം 19 മുതൽ 23 വരെ പയ്യന്നൂരിൽ
കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. നവംബർ 19 ന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.
നവംബർ 18ന് രാവിലെ 11 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ആദ്യദിവസം തന്നെ വേദികൾ ഉണരും. 16 വേദികളിലായി 319 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15 ഉപജില്ലകളിലെ 10,695 കുട്ടികൾ മാറ്റുരയ്ക്കും. രചനാ മത്സരങ്ങൾ ഒന്നാം ദിവസം സമാപിക്കും. 249 ജനറൽ ഇനങ്ങളുണ്ടാവും. സംസ്‌കൃതം കലോത്സവത്തിന് 38 ഇനങ്ങളും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളും ഉണ്ടാകും.
യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് ഓവറോൾ റോളിങ് ട്രോഫി നല്കും. ഓവറോൾ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ്ങ് ട്രോഫി നൽകും. സംസ്‌കൃതം, അറബിക് കലോത്സവത്തിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ് ട്രോഫി നൽകും. എല്ലാ വിഭാഗത്തിലെയും പോയിന്റ് കണക്കിലെടുത്ത് ഏറ്റവും കൂടുതൽ പോയിന്റുള്ള സ്‌കൂളിന് റോളിങ് ട്രോഫി ലഭിക്കും.
23 ന് വൈകീട്ട് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.
- Log in to post comments