കൊച്ചിയെ ലഹരി മുക്തമാക്കാൻ കൂട്ടായ ശ്രമം വേണം
പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാര്‍ വകുപ്പുകൾക്കൊപ്പം സന്നദ്ധ സംഘടനകളുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ കൊച്ചിയെ ലഹരി രഹിതമാക്കാന്‍ കഴിയുമെന്നു കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ് സുദര്‍ശന്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ്സ് അതോറിറ്റിയുടെ നേത്യത്വത്തില്‍ പുകയില രഹിത യുവജനങ്ങള്‍ എന്ന ദേശീയ കാമ്പയിന്റെ ഭാഗമായുള്ള 45 ദിന കര്‍മ്മപരിപാടിയുടെ ഉദ്ഘാടനം കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പുകയില രഹിത വിദ്യാലയങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തി രാജ്യത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാന്‍ ജില്ലാ ലീഗ് സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍ ആര്‍ രജിത പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.
പോലീസ് സൂപ്രണ്ട് ജോസഫ് സാജു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും പുകയില നിയന്ത്രണം ജില്ലാ നോഡല്‍ ഓഫീസറുമായ സവിത പുകയിലരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈറ്റല്‍ സ്ട്രാറ്റജി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മേരി ആന്‍ എറ്റി ബെറ്റിന്റെ, വാലെന്‍സ് ഡിസുസ, എല്‍. എം. സിംഗ്, ആഷിഷ് പാന്‍ഡെ, അമിത് യാഥവ്, അഡ്വ. ബിന്ദു ശ്രീകുമാര്‍, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള ലോ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍, അയ്യപ്പന്‍ കാവ് എസ്.പി. സി. കേഡറ്റുകള്‍, ജില്ലാ റെസിഡന്റ് അസോസിയേഷന്‍ മേഖല പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പൂത്തോട്ട എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
- Log in to post comments