മഞ്ഞപ്ര മൃഗാശുപത്രി വളപ്പിലെ മൂത്രപ്പുര നിർമാണം: മൃഗസംരക്ഷണ വകുപ്പ് ജില്ലാ കളക്ടർക്കു പരാതി നൽകി
മഞ്ഞപ്ര മൃഗാശുപത്രിയുടെ മതിൽ കെട്ടിനുള്ളിൽ അനധികൃതമായി മൂത്രപ്പുര പണിയുന്നതിനെതിരെ മൃഗ സംരക്ഷണ വകുപ്പു ജില്ലാ ഓഫീസർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
വളർത്തു മൃഗങ്ങളും വളർത്തു പക്ഷികളും ഉൾപ്പെടെ ഒരു മാസം 900ൽ അധികം ജീവികൾക്ക് ഇവിടെ ചികിത്സ നൽകുന്നുണ്ടെന്നും മൃഗാശുപത്രി പരിസരത്ത് ആളുകൾ കൂടുതൽ വരുന്നത് ഇവയ്ക്ക് വിഭ്രാന്തിക്കും വിരളാനും സാധ്യത സൃഷ്ടിക്കുമെന്നും പരാതിയിൽ അറിയിച്ചിട്ടുണ്ട്.
അപരിചിതരുടെ കൂടുതൽ സാന്നിധ്യം നായ്ക്കൾ അക്രമാസക്തരാകാൻ ഇടയാക്കും. സ്ഥിരമായി അസുഖങ്ങളുള്ള മൃഗങ്ങളെ കൊണ്ടുവരുന്ന സ്ഥലത്ത് സാധാരണ മനുഷ്യർ കൂടുതലായി വരുന്നത് അസുഖങ്ങൾ പകരാനുള്ള സാഹചര്യം ഒരുക്കും. ജനകീയാസൂത്രണ പദ്ധതികളിൽപ്പെടുന്ന ആട്, കോഴി വിതരണം, കന്നുകുട്ടി പരിപാലനം എന്നിവ നടത്തുന്ന സ്ഥലത്താണ് മൂത്രപ്പുര നിർമ്മാണം.
മൃഗസംരക്ഷണവകുപ്പിൻ്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൻ്റെ നടപടിക്കെതിരെ ജില്ലാ കളക്ടർക്കു കൂടാതെ ജില്ലാ പോലീസ് സുപ്രണ്ടിനും പരാതി നൽകിയിട്ടുണ്ടെന്നും വിഷയം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
- Log in to post comments