കേരളസ്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു: ശാസ്ത്രബോധം കുട്ടികളില്‍ സൃഷ്ടിക്കാത്ത പഠനം അപകടമുണ്ടാക്കും: മന്ത്രി സജി ചെറിയാന്
ശാസ്ത്രബോധം കുട്ടികളില്‍ സൃഷ്ടിക്കാത്ത പഠനം അപകടങ്ങളും അബദ്ധങ്ങളും ക്ഷണിച്ചുവരുത്തുമെന്ന് ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച് എസ് എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രവും മറ്റു വിഷയങ്ങളും പഠിച്ചോ എന്നതില്‍ മാത്രമാവരുത് നമ്മുടെ ശ്രദ്ധ. മറിച്ച് ആ പഠനവും അറിവുനിര്‍മ്മാണവും കുട്ടികളില്‍ ശാസ്ത്രബോധം
ജനിപ്പിക്കുന്നുണ്ടോ എന്നുകൂടി നോക്കണം. ക്ലാസ്സില്‍ ഇരുന്നു പാഠഭാഗങ്ങള്‍ കേട്ടതുകൊണ്ട് മാത്രം കുട്ടികളില്‍ ശാസ്ത്രബോധം പകര്‍ന്നു കിട്ടണമെന്നില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും സാമാന്യജനങ്ങള്‍ക്കും ശാസ്ത്രത്തിന്റെ രീതികള്‍ പിന്തുടരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സൗകര്യവും അവസരവും നല്കുന്ന ജനകീയ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തുക എന്നതാണ് സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി നാം ചെയ്യേണ്ടത്. അതില്‍ വലിയ പങ്കുവഹിക്കുന്നവയാണ് ശാസ്ത്രമേളകള്‍. ശാസ്ത്രമേളകള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ശാസ്ത്ര താല്പര്യം വളര്‍ത്താനും അവരെ പുതിയ ശാസ്ത്ര സാങ്കേതികവിദ്യകളിലേക്ക് പരിചയപ്പെടുത്താനും സഹായിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രത്തില്‍ അഭിനിവേശവും കഴിവുകളും പ്രദര്‍ശിപ്പിക്കുന്ന കുട്ടികള്‍ ഭാവിയിലെ ശാസ്ത്രജ്ഞന്മാരും ഗവേഷകരുമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാഠ്യപദ്ധതിയാണ് കേരളത്തിലുള്ളത്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയും ശാസ്ത്രബോധത്തോടെ ശാസ്ത്രം പഠിക്കുന്നു എന്ന് ഉറപ്പുവരുത്തി കൊണ്ടാണ് നമ്മുടെ പഠന സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മികച്ച സംഘാടനം കൊണ്ട് ആലപ്പുഴയിലെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി ശാസ്ത്രോത്സവം മാറിയെന്നും ശാസ്ത്രമേളകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മേളയാണ് ആലപ്പുഴയില്‍ നടന്നതെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ഇന്ന് സമൂഹം നേടിയ എല്ലാ പുരോഗതിക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ ശാസ്ത്രത്തിന്റെ കയ്യൊപ്പ് കാണാമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രചിന്തയെയും യുക്തിചിന്തയെയും അകറ്റി നിര്‍ത്തിക്കൊണ്ട് സമൂഹത്തിന് ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാനാകില്ല. നിര്‍മ്മിതബുദ്ധി അത്ഭുതപ്പെടുത്തുന്ന കാലത്താണ് പശു ഓക്സിജന്‍ പുറത്തുവിടുന്നു എന്ന മട്ടിലുള്ള അശാസ്ത്രീയ പ്രചാരണങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന കുട്ടികള്‍ ആലപ്പുഴയില്‍ അത്ഭുതം വിരിയിക്കുകയായിരുന്നു. ഏറ്റവും മികവാര്‍ന്ന രീതിയില്‍ തന്നെ ശാസ്ത്രോത്സവം സംഘടിപ്പിക്കാനായതായും മന്ത്രി പറഞ്ഞു.
ശാസ്ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും ശാസ്ത്രമേള ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിച്ചു. ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്കായി ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി മന്ത്രി സജി ചെറിയാന് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷിന് കൈമാറി.
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ജില്ലകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് മന്ത്രി സജി ചെറിയാന് ട്രോഫികള്‍ സമ്മാനിച്ചു. 1450 പോയിന്റോടെ മലപ്പുറം ജില്ല ചാമ്പ്യന്മാരായി. 1412 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 1353 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സ്കൂള്‍ തലത്തില്‍ കാര്ഡര്ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ് 140 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് 131 പോയിന്റുമായി രണ്ടാം സ്ഥാനവും 126 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വൊക്കേഷണല്‍ എക്സ്പോയില്‍ മേഖലാതലത്തില്‍ നടന്ന മല്‍സരത്തില്‍ 67 പോയിന്റോടെ തൃശൂര്‍ മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. 66 പോയിന്റ് നേടി കൊല്ലം രണ്ടാം സ്ഥാനവും 60 പോയിന്റ് നേടി എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എംഎല്‍എമാരായ പി പി ചിത്തരഞ്ജന്, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ, ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ആര് പ്രേം, നസീര്‍ പുന്നയ്ക്കല്‍, എം എസ് കവിത, എം ജി സതീദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, ആര് സിന്ധു, വി കെ അശോക് കുമാര്‍, ഷാലി ജോണ്‍, കെ ജെ ബിന്ദു, എല്‍ പവിഴകുമാരി, എം കെ ശോഭന, സിസ്റ്റര്‍ ഷൈനി തോമസ്, റ്റി ജെ മോന്‍സി, വി അനിത, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്കൂളുകളിലെ 150 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്വാഗതഗാനം ആലപിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അഖില്‍ ശ്രീകുമാറിന്റെ സാന്‍ഡ് ആര്‍ട്ടും സമാപനസമ്മേളനത്തില്‍ അരങ്ങേറി. ആലപ്പുഴ പൗരസമിതിക്ക് വേണ്ടി ചിത്രകാരന് സാജന് ലയം കളര്‍പെന്‍സില്‍ ഉപയോഗിച്ച് വരച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം സ്നേഹസമ്മാനമായി ചടങ്ങില്‍ കൈമാറി.
- Log in to post comments