Skip to main content

എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ മോണിറ്ററിങ് കണ്‍ട്രോള്‍ റൂം

തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ 'എ.എസ്.ഡി മോണിറ്റര്‍ സി.ഇ.ഒ കേരള' ആപ്പ്, പോളിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്റ്റ്വെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വ്വെ യുടെ കാര്യാലയത്തില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.

വോട്ടര്‍പട്ടിക ശുദ്ധീകരണ കാലയളവില്‍ ആബ്‌സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണപ്പെട്ടവര്‍) എന്ന് രേഖപ്പെടുത്തി ബി.എല്‍.ഒ.മാര്‍ തയ്യാറാക്കിയ പട്ടിക എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ.എസ്.ഡി പട്ടികയിലുള്ള വോട്ടര്‍ ബൂത്തിലെത്തിയാല്‍ ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വോട്ട് ചെയ്യാന്‍ അനുവാദം നല്‍കും. തുടര്‍ന്ന് എ.എസ്.ഡി മോണിറ്റര്‍ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ആപ്പ് ഉപയോഗിച്ച്തന്നെ വോട്ടറുടെ ചിത്രവും എടുക്കും. ആപ്പിലൂടെ ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകും. പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക. വരണാധികാരിയുടെ കണ്‍ട്രോള്‍ റൂമില്‍ ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും.

പോളിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്റ്റ്വെയര്‍ എന്നിവയും ഈ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. കൂടാതെ വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഉടനെ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കും.

date