Skip to main content

വര്‍ണ്ണോത്സവം; ജില്ലാ ശിശുദിനാഘോഷം

ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 14) വര്‍ണ്ണോത്സവം -2024 ശിശുദിനാഘോഷം നടത്തും. നവംബര്‍ 14 ന് രാവിലെ എട്ടിന് തൃശ്ശൂര്‍ സി എം എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ശിശുദിന റാലി ആരംഭിക്കും. കുട്ടികളുടെ പ്രധാനമന്ത്രി എസ്. ദക്ഷിണ നയിക്കുന്ന റാലി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് ഫ്ളാഗ് ഓഫ് ചെയ്യും. പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് എന്നിവര്‍ചേര്‍ന്ന് ടൗണ്‍ ഹാളില്‍ റാലിയെ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം കുട്ടികളുടെ ചാച്ചാജി നിര്‍വ്വഹിക്കും.

കുട്ടികളുടെ പ്രസിഡണ്ട് മേഘ സൂസന്‍ പോളിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കുട്ടികളുടെ സ്പീക്കര്‍ അതിഥി അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ശിശുദിന സന്ദേശം നല്‍കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ആശംസ അര്‍പ്പിച്ച് സംസാരിക്കും. കെ. രാധാകൃഷ്ണന്‍ എം.പി, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. കെ.എസ് അല്‍സഫ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എ.എസ് ഫാത്തിമ അന്‍ഷാന സ്വാഗതവും ആര്‍. തീര്‍ത്ഥ നന്ദിയും രേഖപ്പെടുത്തും.

date