Skip to main content

കുട്ടികളും വകുപ്പുമേധാവികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളിലെ കുട്ടികളും വിവിധ വകുപ്പ് മേധാവികളുമായായിരുന്നു കൂടിക്കാഴ്ച. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൺഡറി സ്‌കൂൾ ഹാളിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ജി. പ്രവകുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ജോമോൻ മാത്യു, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സജു വർഗീസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ, ജില്ലാ വനിതാ-ശിശുവികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ബിജു വർഗീസ്, ഡെപ്യൂട്ടി ലേബർ ഓഫീസർ ശാലിനി രാധ എസ്. നായർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ പങ്കെടുത്തു.
ബേക്കർ മെമ്മോറിയൽ സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഗേൾസ് സ്‌കൂൾ, കോട്ടയം ഗവൺമെന്റ് മോഡൽ സ്‌കൂൾ, സെന്റ് ആൻസ് ഗേൾസ് ഹൈസ്‌കൂൾ, എംടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ, എം. ഡി സെമിനാരി എച്ച്.എസ്.എസ്.,  കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്‌കൂൾ, എസ്.എച്ച് മൗണ്ട് ഹയർസെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകളിലെ കുട്ടികളുമായായിരുന്നു സംവാദം. ജില്ലയിൽ ശിശു സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വകുപ്പ് മേധാവികളോട് കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചും പ്രശ്‌നങ്ങളെ സംബന്ധിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു. ഉദ്യോഗസ്ഥർ കുട്ടികൾക്ക് മറുപടി നൽകി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന, എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ, പ്രൊട്ടക്ഷൻ ഓഫീസർ അഞ്ജു മോൾ എന്നിവർ സംസാരിച്ചു.

date