കുടുംബശ്രീയുമായി ചേർന്ന് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണം ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ വിപുലമായ ബോധവത്കരണ പരിപാടികൾ
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവത്കരണം നടത്താൻ ആരോഗ്യവകുപ്പ് കുടുംബശ്രീയുമായി കൈകോർക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ ആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 24 വരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. നവംബർ 18നു ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷന്മാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
നവംബർ 19നു ആരോഗ്യവകുപ്പും കുടുംബശ്രീയും ചേർന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കുടുംബശ്രീ എ.ഡി.എസ് അധ്യക്ഷമാർക്കും അയൽക്കൂട്ടങ്ങളിലെ സാമൂഹ്യ വികസനസമിതി കൺവീനർമാർക്കുമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കും. ഇവരുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ ചർച്ച് ചെയ്ത് പൊതുജനങ്ങളിലേക്ക് ബോധവത്കരണം എത്തിക്കുകയാണ് ലക്ഷ്യം. 21നു എല്ലാ സർക്കാർ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവത്കരണം നടത്തും. 25 മുതൽ 30 വരെ സ്കൂൾ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കായി സ്കൂൾതലത്തിൽ ബോധവത്കരണം നടത്തും. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെയും ഇത് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കും.
രോഗാണുക്കൾക്കെതിരേ ആന്റിബയോട്ടിക്കുകൾ ഫലിക്കാതെ വരുന്ന അവസ്ഥ (ആന്റിമൈക്രോബിയൽ റെസിസ്റ്റന്റ്സ് - എ.എം.ആർ.) ഇന്ന് പൊതുജനാരോഗ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ സ്വയം ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങിക്കഴിക്കുക, ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ആന്റിബയോട്ടിക്കുകൾ വിൽക്കുക, ബാക്റ്റീരിയമൂലമുള്ള അണുബാധയാണെന്നു കൃത്യമായി വിലയിരുത്താതെ അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കുറിച്ചുനൽകുക, ഡോക്ടർ കുറിച്ച് നൽകുന്ന മരുന്നുകൾ കൃത്യമായും പൂർണമായും കഴിക്കാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.
ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം വാങ്ങാനും പൂർണമായും കൃത്യമായും അവ കഴിക്കാനും പൊതുജനങ്ങളുടെയിടയിൽ ബോധവത്കരണം നടത്തും. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കുറിച്ചുനൽകുന്നത് ഒഴിവാക്കാനും, ആവശ്യം വന്നാൽ തന്നെ റെസിസ്റ്റൻസ് സാധ്യത കുറവുള്ള അക്സസ് ഗണത്തിൽപെട്ട ആന്റിബയോട്ടിക്കുകൾ നൽകാനും ഡോക്ടർമാരുടെയിടയിൽ പ്രചാരണം നടത്തും.
ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ മൃഗ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ പശുക്കൾക്ക് മരുന്നുനൽകുന്നതും മരുന്ന് നൽകിക്കഴിഞ്ഞാൽ പാലിൽ ആന്റിബയോട്ടിക്കിന്റെ അംശം കാണാനിടയുള്ള കാലയളവിനുള്ളിൽ കറക്കുന്ന പാൽ വിൽക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. കോഴി, താറാവ് എന്നിവക്ക് രോഗം വരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നതും ഇറച്ചിയിലൂടെ ആന്റിബയോട്ടിക്കുകൾ മനുഷ്യ ശരീരത്തിലെത്തിനിടയാക്കും. അണുബാധ ഒഴിവാക്കാൻ മുൻകരുതലായി മൃഗങ്ങൾക്കും മത്സ്യകൃഷിയിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അപകടകരമാണ്. അണുബാധയുണ്ടായാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് ആന്റിബയോട്ടിക്കുകൾ മൃഗങ്ങൾക്കും നൽകേണ്ടത്.
ആന്റിബയോട്ടിക്കുകൾ സ്ഥിരമായി മനുഷ്യശരീരത്തിലെത്തിക്കഴിഞ്ഞാൽ അവ മരുന്നുകൾക്കെതിരെ പ്രതിരോധം നേടിയിട്ടുള്ള രോഗാണുക്കളെ സൃഷ്ടിക്കുകയും പിന്നീട് സാധാരണ അണുബാധവന്നാൽ പോലും മരുന്നുകൾ ഫലപ്രമല്ലാതായിത്തീരുകായും ചെയ്യും. ഇത് ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഇല്ലാത്ത ലോകം സൃഷ്ടിക്കും എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ശസ്ത്രക്രിയ, പ്രസവം, ന്യുമോണിയ, മൂത്രാശയ അണുബാധ, ക്ഷയരോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ എന്നിവ മാത്രമല്ല സാധാരണ ലഘുവായ ഒരു അണുബാധപോലും ചികിത്സിക്കാനാവാതിരിക്കുകയും മനുഷ്യരും മൃഗങ്ങളും മരണമടയുകയും ചെയ്യും എന്നതാണ് വെല്ലുവിളി.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കാൻ ഒരേ സമയം പൊതുജനങ്ങൾ, ആരോഗ്യ പ്രവര്ത്തകർ, മരുന്നു വില്പനശാലകൾ എന്നിവർ ഒത്തൊരുമിച്ച് പ്രവര്ത്തിക്കേണ്ടതാണെന്ന ബോധ്യപ്പെടുത്തലാണ് ലക്ഷ്യമിടുന്നത്. മെഡിക്കൽ സ്റ്റോർ ഉടമകളുടെ അസോസിയേഷൻ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പരിശോധന ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തും.
- Log in to post comments