നൈപുണ്യ പരിശീലനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കണം: മന്ത്രി വി.എൻ. വാസവൻ
നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി നടന്നു
കോട്ടയം: നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കണമെന്നും വികേന്ദ്രീയരീതിയിൽ പരിശീലനം ലഭ്യമാക്കണമെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ ഉച്ചകോടി തെള്ളകം എക്‌സ്‌കാലിബർ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ടു മുതൽ 10 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് കരിയർഗൈഡൻസ് നൽകി ഇഷ്ടമുള്ള തൊഴിൽ മേഖല തെരഞ്ഞെടുക്കാനുള്ള ദിശാബോധം നൽകണം. പലമേഖലയിലും വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിദഗ്ധ പരിശീലനവും നൈപുണ്യവികസന പരിശീലനവും ഗുണമേന്മയോടെ നൽകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. കെ.എ.എസ്.ഇ. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റ്റി.വി. വിനോദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ദേശീയ റബർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. അറുമുഖം, കെ.എ.എസ്.ഇ. ഫിനാൻസ് ഓഫീസർ എം. എസ്. ലത എന്നിവർ പ്രസംഗിച്ചു. കെ.എ.എസ്.ഇ മാനേജർ സുബിൻ ദാസ്, സീനിയർ കൺസൾട്ടന്റ് ഡോ. എച്ച്.എം. വിനുത, മാനേജർ ആർ അനൂപ്, അസിസ്റ്റന്റ് മാനേജർ ആർ.കെ. ലക്ഷ്മിപ്രിയ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ജില്ലയിൽ നൈപുണ്യ പരിശീലനം നൽകുന്ന ചെറുതും വലുതുമായ പൊതു- സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് ഉച്ചകോടി നടത്തിയത്.
- Log in to post comments