Skip to main content

സ്ത്രീധന-ഗാര്‍ഹികാതിക്രമ നിരോധന ദിനം ആചരിച്ചു  

 

സാമൂഹ്യനീതി വകുപ്പും വനിത പ്രൊട്ടക്ഷന്‍ ഓഫീസും സംഘടിപ്പിച്ച സ്ത്രീധന-ഗാര്‍ഹികാതിക്രമ നിരോധന ദിനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ-സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ബീഹാറും ഉത്തര്‍പ്രദേശും കഴിഞ്ഞാല്‍ ഏറ്റവുമധികം സ്ത്രീ പീഡനങ്ങളും ഗാര്‍ഹിക അതിക്രമങ്ങളും നടക്കുന്നത് കേരളത്തിലാണെന്നും നിയമങ്ങള്‍ പേരെടുത്തു പറയാന്‍ ധാരാളമുണ്ടെങ്കിലും അത് വ്യക്തികളില്‍ എത്തിച്ചേരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലും  സംസ്‌ക്കാരത്തിലും കേരളം മുന്‍പന്തിയിലായിട്ടും സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നത് പരിശോധിക്കേണ്ടതാണെന്നും  അവര്‍ പറഞ്ഞു. സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കോടതികളില്‍ എത്തുന്ന പത്തിലൊന്ന് കേസുകള്‍ അടിസ്ഥാനരഹിതമാണെന്ന് വസ്തുതയുമുണ്ട്. നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട് - അവര്‍ കൂട്ടിച്ചേര്‍ത്തു. 

പുരുഷ മേധാവിത്വമുളള സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യനീതി പലപ്പോഴും നിഷേധിക്കപ്പെടുന്നുണ്ടെന്നും സ്ത്രീ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നമ്മുടെ സമൂഹത്തില്‍ ആവശ്യമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ പോലെ നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീ പ്രാതിനിധ്യം ഇനിയും ഉയരേണ്ടതുണ്ട്. 

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. മൈക്കിള്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ബിനോയ് വി. ജെ, കുടുംബശ്രീ മിഷന്‍ എ ഡി എം സി ടിജി പ്രഭാകര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. എന്‍. ശ്രീദേവി സ്വാഗതവും സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്‍ പി പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീധന നിരോധന നിയമം - ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം -2005 എന്നിവയെക്കുറിച്ച് അഡ്വ. ദീപ്തി എസ്. നാഥ് സെമിനാര്‍ നയിച്ചു.

                                                            (കെ.ഐ.ഒ.പി.ആര്‍-2012/17)

date