Skip to main content

ചക്കുളത്ത് കാവ് പൊങ്കാല : ക്രമീകരണങ്ങള്‍ വിലയിരുത്തി

ചക്കുളത്ത്കാവില്‍ ഡിസംബര്‍ 13ന് നടത്തുന്ന പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പ് സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതില്‍ ചേമ്പറില്‍ ചേര്‍ന്ന ക്ഷേത്രഭരണസമിതി അംഗങ്ങളുടെ യോഗം ചര്‍ച്ച ചെയ്തു. 11 മുതല്‍ തിരുവല്ലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന് പൊലിസിന് ചുമതല നല്‍കി. 12 നും 13 നും കെ.എസ്.ആര്‍.ടി.സി പ്രത്യേക-ചെയിന്‍ സര്‍വീസുകള്‍ നടത്തും. 11 മുതല്‍ പൊങ്കാല മേഖലകളില്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം കെ.എസ്.ഇ.ബിയാണ് ഉറപ്പാക്കേണ്ടത്. മേഖലയിലെ മദ്യഷോപുകള്‍ അടച്ചിടുന്നതിന് എക്‌സൈസ് നടപടി സ്വീകരിക്കണം. കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനും മുന്‍കൈയെടുക്കണം. അഗ്നിസുരക്ഷ സേനയുടെ കുറഞ്ഞത് മൂന്ന് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തണം. സൗജന്യ പാര്‍ക്കിംഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണം. ശുചീകരണ നിര്‍വഹണത്തിനും അടിയന്തരചികിത്സയ്ക്കും ആരോഗ്യ വകുപ്പാണ് സൗകര്യമൊരുക്കേണ്ടത്. ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തണം എന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ക്ഷേത്രട്രസ്റ്റും ക്ലീന്‍കേരളമിഷനും ചേര്‍ന്ന് ഹരിതചട്ടം പ്രകാരമായിരിക്കും പൊങ്കാല. രാധിക സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ 13ന് രാവിലെ 9.30ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനാകും. പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്നി പകരും, മറ്റുപ്രമുഖരും പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എല്‍.എ അധ്യക്ഷനാകും.  പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി, പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പൂതിരി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

date