Skip to main content

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം

കൈറ്റിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയുടെ ഭാഗമായ ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം. യുനിസെഫിന്റെ സഹകരണത്തോടെയാണ് ഇത്തവണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 17 ഉപജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ 1505 വിദ്യാര്‍ത്ഥികളാണ് ക്യാമ്പുകളില്‍ പങ്കെടുക്കുക. സംസാര-കേള്‍വി പരിമിതിയുള്ളവരോട് ആംഗ്യഭാഷയില്‍ സംവദിക്കാന്‍ മറ്റു കുട്ടികളെയും പ്രാപ്തരാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്ങിലൂടെ സോഫ്റ്റ്‌വെയര്‍ തയാറാക്കലാണ് ഈ വര്‍ഷത്തെ ക്യാമ്പുകളുടെ പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഓപണ്‍ ടൂണ്‍സ്, ബ്ലെന്റര്‍ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകള്‍ തയാറാക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിങ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പുകളില്‍നിന്ന് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 1505 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരും സ്‌കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍മാരുമാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഉപജില്ലാ ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.

date