കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു കലോത്സവങ്ങളിലെ മത്സരം കുട്ടികൾ തമ്മിലായിരിക്കണം: സ്പീക്കർ
സ്കൂൾ കലോത്സവങ്ങളിലെ മത്സരം കുട്ടികൾ തമ്മിലായിരിക്കണമെന്നും അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കണമെന്നും നിയമസഭ സ്പീക്കർ അഡ്വ. എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പയ്യന്നൂർ എകെഎഎസ് ജിവിഎച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലോത്സവങ്ങളിലെ മത്സരം രക്ഷിതാക്കളും അധ്യാപകരും തമ്മിലായിരിക്കരുത്. സ്കൂൾ കലോത്സവങ്ങളിൽ മാറ്റുരക്കുന്നവർ ഭാവിയിൽ പ്രശസ്തരായ പ്രതിഭകളായി മാറിയിട്ടുണ്ട്. മത്സരിക്കുന്നവർ ഏതെങ്കിലും തരത്തിൽ പിന്തള്ളപ്പെടുന്നത് പ്രാപ്തിയില്ലായ്മ കൊണ്ടല്ല. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പോലെ സങ്കീർണവും സൂക്ഷ്മവുമാണ് മത്സരിക്കുന്ന പ്രതിഭകളിൽനിന്ന് ജേതാക്കളെ തെരഞ്ഞെടുക്കുന്ന ജൂറിയുടെ പ്രവൃത്തി. സമ്മാനം കിട്ടാത്തവർ നിരാശരാകരുത്. മത്സരങ്ങൾ ഇതുകൊണ്ട് നിർത്തുകയുമരുത്. വരും വർഷങ്ങളിലും കോളേജ്, സർവകലാശാല തലങ്ങളിലും ഇനിയും മത്സരങ്ങൾ ഉണ്ടാവും. തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന വേളയിൽ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം കൂടി നടക്കുന്നുണ്ട്. കലോത്സവത്തിന് എത്തുന്നവർക്ക് നിയമസഭ കാണാനുള്ള സൗകര്യം കൂടി ഒരുക്കിയതായും സ്പീക്കർ അറിയിച്ചു.
കലോത്സവത്തിന് സദ്യ ഒരുക്കിയ കെ യു ദാമോദര പൊതുവാളെ സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. കലോത്സവത്തിന്റെ വീഡിയോ ചിത്രീകരണം നടത്തിയ ഏഴ് ലിറ്റിൽ കൈറ്റ്സ് കേന്ദ്രങ്ങളിലെ മുന്നൂറോളം വിദ്യാർഥികൾക്ക് കണ്ണൂർ അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ സർട്ടിഫിക്കറ്റ് നൽകി. സംഘാടകർക്ക് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉപഹാര സമർപ്പണം നടത്തി. ചലച്ചിത്ര പുരസ്കാര ജേതാവ് കെ സി കൃഷ്ണൻ വിശിഷ്ടാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, ജില്ലാ പഞ്ചായത്ത് അംഗം എം രാഘവൻ, ഹയർ സെക്കന്ററി കണ്ണൂർ ആർഡിഡി ആർ. രാജേഷ്, കണ്ണൂർ ഡിഡിഇ കെ എൻ ബാബു മഹേശ്വരി പ്രസാദ്, പയ്യന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വി ബാലൻ, വി വി സജിത, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, പയ്യന്നൂർ എഇഒ ടി വി ജ്യോതിബസു, പ്രിൻസിപ്പൽ ഫോറം ജില്ലാ സെക്രട്ടറി പി ദാമോദരൻ, ജിജിഎച്ച്എസ്എസ് പയ്യന്നൂർ പ്രിൻസിപ്പൽ പി വി രഘുനാഥ്, ഹെഡ് മാസ്റ്റർ പി വി നാരായണൻ, വിഎച്ച്എസ്എസ് വിഭാഗം പ്രിൻസിപ്പൽ എപി സുധ, സെൻറ് മേരീസ് എഇഎംച്ച്എസ്എസ് പ്രിൻസിപ്പൽ അഞ്ജലി ചാക്കോ, ബിഇഎംഎൽപിഎസ് ഹെഡ്മിസ്ട്രസ് ലസിത സാമുവൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ യുകെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
(പടം, വീഡിയോ)
- Log in to post comments