ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്: റാലി സംഘടിപ്പിച്ചു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ ലോകമെമ്പാടും ആചരിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു.
കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. എപ്പോഴും എല്ലായിടത്തും സുരക്ഷ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഓറഞ്ച് തൊപ്പികള്‍ അണിഞ്ഞ് പ്ലക്കാഡുകളേന്തി ആലപ്പുഴ ഗവ. ടി ടി ഐയിലെ വിദ്യാര്‍ഥിനികള്‍ റാലിയില്‍ അണിനിരന്നു.
കാമ്പയിന്റെ ഭാഗമായി 26 ന് സ്ത്രീധന നിരോധന ദിനവും ഗാര്‍ഹിക പീഡന നിരോധന ദിനവും ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനവും ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി ആലപ്പുഴ ഗവ. ടി ടി ഐയില്‍ അവസാനിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷിംന വി എസ്, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ജെ മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ സൗമ്യ ആര്, ഗവ. ടി ടി ഐ പ്രിന്‍സിപ്പല്‍ മുഹമ്മദ് മന്‍സൂര്‍ എ, ടി ടി ഐ അധ്യാപകരായ നൈസല്‍ എസ് എ, സ്റ്റാലിന് കെ. ജെ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
(പി.ആര്./എ.എല്‍.പി/2462)
- Log in to post comments