Skip to main content

സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കെതിരേ ബോധവത്കരണവുമായി ഓറഞ്ച് ദ വേൾഡ് കാമ്പയിൻ

ബോധവത്കരണ റാലി ജില്ലാ കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു

 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിൻ ബോധവത്കരണ റാലി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിനമാണിതെന്ന് ജില്ലാ കളക്ട൪ പറഞ്ഞു. ചിന്തയിൽ പോലും സ്ത്രീകളെ ഉപദ്രവിക്കുന്നതിനെ പിന്തുണയ്ക്കരുത്. ഈ ദിനം മാത്രമല്ല ഒരു ദിനവും സ്ത്രീകൾ ആക്രമിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായുള്ള സിഗ്നേച്ച൪ കാമ്പയിനിലും ജില്ലാ കളക്ട൪ പങ്കെടുത്തു. എപ്പോഴും, എല്ലായിടത്തും സുരക്ഷ എന്നതാണ് ഈ വർഷത്തെ സന്ദേശം.

റാലിക്ക് മുന്നോടിയായി ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ അവതരിപ്പിച്ച ഫ്ളാഷ് മോബും നടന്നു. സ്ത്രീകൾക്കും പെൺകുട്ടികൾ ക്കുമെതിരായ അതിക്രമം തടയുക, ബാലവിവാഹം തടയുക തുടങ്ങിയ പ്ലക്കാഡുകളേന്തിയ വനിതകൾ റാലിയിൽ അണിനിരന്നു. 

സ്ത്രീകൾക്കെതിരെ നടക്കുന്ന എല്ലാ തരത്തിലുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിവസം ഓറഞ്ച് ദ വേൾഡ് ക്യാമ്പയി൯ സംഘടിപ്പിക്കുന്നത്. ജില്ലാ വനിത ശിശു വികസന ഓഫീസ൪ സെബി൯ ലോലിത സെയ്൯, പ്രോഗ്രാം ഓഫീസർ സി. സുധ,  വനിത സംരക്ഷണ ഓഫീസർ എസ്. ജീജ,  (ശിശു സംരക്ഷണ ഓഫീസർ കെ.എസ്. സിനി, അംഗൻവാടി ജീവനക്കാർ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാ൪,  ഐ.സി.ഡി.എസ്  സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർമാർ തുടങ്ങിയവ൪ പങ്കെടുത്തു.

date