മികച്ച റീജ്യണൽ ഓഫീസിനുള്ള മിനിസ്റ്റേഴ്സ് ട്രോഫി പാലക്കാടിന്
കേരള ബാങ്കിന്റെ മികച്ച റീജിയൺ, മികച്ച സി.പി.സി, മികച്ച ശാഖകൾക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി വിതരണവും മികച്ച സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമുള്ള എക്സലൻസ് അവാർഡ് വിതരണവും കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നടത്തി.
മികച്ച റീജ്യണൽ ഓഫീസിനുള്ള പുരസ്കാരം പാലക്കാടിനാണ്. മികച്ച സിപിസിക്കുള്ള പുരസ്കാരം കണ്ണൂരിനാണ്. മികച്ച ശാഖ വയനാട് ജില്ലയിലെ മീനങ്ങാടി ശാഖയാണ്. കണ്ണൂർ രണ്ടാമത്തെയും കോഴിക്കോട് മൂന്നാമത്തെയും മികച്ച റീജ്യണൽ ഓഫീസുകളായി യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു. സിപിസിയിൽ വയനാടിന് രണ്ടാം സ്ഥാനവും പാലക്കാടിന് മൂന്നാം സ്ഥാനവും ലഭിച്ചു. മലപ്പുറം ജില്ലയിലെ ആലത്തിയൂർ മികച്ച രണ്ടാമത്തെശാഖയും വാഴക്കാട് മൂന്നാമത്തെ ശാഖയുമായി. മന്ത്രി വി എൻ വാസവൻ അവാർഡുകൾ വിതരണം ചെയ്തു.
2022-23 വർഷത്തെ സംസ്ഥാനതലത്തിൽ മികച്ച പ്രാഥമിക കാർഷിക വായ്പാസംഘമായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഏറാമല സർവ്വീസ് സഹകരണബാങ്ക് ആണ്. കതിരൂർ സർവ്വീസ് സഹകരണബാങ്ക് രണ്ടാംസ്ഥാനവും പരിയാരം സർവ്വീസ് സഹകരണബാങ്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ ദി പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സംസ്ഥാനത്തെ മികച്ച അർബൻ സഹകരണ ബാങ്ക്. കൊല്ലം ജില്ലയിലെ കൊല്ലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് രണ്ടാംസ്ഥാനവും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മൂന്നാംസ്ഥാനവും യഥാക്രമം കരസ്ഥമാക്കി. മന്ത്രി വി എൻ വാസവൻ പുരസ്കാരം വിതരണം ചെയ്തു.
പാലക്കാട് ജില്ലയിലെ ഷാബുമോൻ മികച്ച നെൽകർഷനുള്ള അവാർഡ് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പിൽ നിന്ന് ഏറ്റുവാങ്ങി. കോട്ടയത്ത് നിന്നുള്ള രശ്മി മാത്യു മികച്ച ക്ഷീരകർഷകയും കോഴിക്കോടുനിന്നുള്ള കെ ടി പത്മനാഭൻ മികച്ച പച്ചക്കറി കർഷകനും വയനാട്ടിൽനിന്നുള്ള എം സുനിൽ കുമാർ മികച്ച സമ്മിശ്ര കർഷകനും വയനാട്ടിൽ നിന്നും തന്നെയുള്ള കെ ശശീന്ദ്രൻ മികച്ച മത്സ്യകർഷകനും കാസർകോടുനിന്നുമുള്ള ഗോപാലകൃഷ്ണശർ മികച്ച തോട്ടവിളകർഷകനുമുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കി. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പാണ് അവാർഡ് വിതരണം ചെയ്തത്.
2022-23 വർഷത്തെ ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പ്രാഥമിക വായ്പാസഹകരണസംഘങ്ങൾക്കുള്ള അവാർഡ് കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ വിതരണം ചെയ്തു.
- Log in to post comments