ലോക എയ്ഡ്‌സ് ദിനം; സംസ്ഥാനതല പരിപാടികളുടെ സംഘാടക സമിതി യോഗം ചേര്‍ന്നു
2024 ഡിസംബര്‍ ഒന്നിന് നടക്കുന്ന ലോക എയ്ഡ്‌സ് ദിനത്തിന്റെ തൃശ്ശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല പരിപാടികളുടെ സംഘാടക സമിതി യോഗം ജില്ലാ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ വിഭൂഷണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിപാടികളുടെ രക്ഷാധികാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് ഡോ. ടി.പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ദിശ കോഓര്‍ഡിനേറ്റര്‍ സുനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസറും ജില്ലാ ടി.ബി ഓഫീസറുമായ ഡോ. അജയരാജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ്‌കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
'അവകാശങ്ങളുടെ വഴി തിരഞ്ഞെടുക്കുക' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ജില്ലയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടികളുടെ ഭാഗമായി നവംബര്‍ 29 ന് പത്രസമ്മേളനം നടത്തും. നവംബര്‍ 30 ന് വൈകീട്ട് 6 ന് ശ്രീ വടക്കുംന്നാഥ ക്ഷേത്ര മൈതാനം തെക്കേ ഗോപുരനടയില്‍ ദീപം തെളിയിക്കല്‍ പരിപാടിയും, ഡിസംബര്‍ ഒന്നാം തീയതി രാവിലെ 8 ന് ബോധവല്‍ക്കരണ റാലിയും. തുടര്‍ന്ന് രാവിലെ 10 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ ബോധവല്‍ക്കരണ, കലാപരിപാടികളും അരങ്ങേറും. സംഘാടക സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, കേരള എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ സേവന വിഭാഗങ്ങളിലെ സ്റ്റാഫ്, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments