Skip to main content

ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്ലസ് ടു പഠനത്തിനപ്പുറം സർക്കാർ നൽകുന്ന ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻനിരയിലേക്കെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ജില്ലാ, സംസ്ഥാനതല സ്‌പോർട്‌സ് മീറ്റുകളിൽ മികച്ച വിജയം നേടിയ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിലെ  വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഐഎഎസ്, എംബിബിഎസ്, നഴ്‌സിംഗ് തുടങ്ങി നിരവധി കോഴ്സുകൾ പഠിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. വിദേശ പഠനത്തിനും അവസരം ഉറപ്പാക്കുന്നുണ്ട്. പ്രീമെട്രിക് സ്‌കോളർഷിപ് മുതൽ റെസിഡൻഷ്യൽ സൗകര്യങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.  അതിനാൽ തുടർവിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മത്സരാധിഷ്ഠിത സമൂഹത്തിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ പ്രവീണ്യം നേടി മുന്നേറുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

കായിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. വിദ്യാർത്ഥികൾ ചിട്ടയും ശാരീരികക്ഷമതയും കാത്തുസൂക്ഷിക്കണം. ചിലയിടങ്ങളിലെ മയക്കുമരുന്നിന്റെ ഉപയോഗം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ പിൻപറ്റാതെ   ലക്ഷ്യബോധത്തോടെ വളരണമെന്നും വിദ്യാർത്ഥികളോട് മന്ത്രി ആഹ്വാനം ചെയ്തു. മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.

അഡ്വ. എം വിൻസന്റ് എംഎൽഎ അധ്യക്ഷനായിരുന്നു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീധന്യാ സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വസുന്ധരൻ കെ, വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് വി, ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി എസ്, സ്‌കൂൾ പ്രിൻസിപ്പൽ ദീപ ആർ, ഹെഡ്മിസ്ട്രസ് യമുന എസ്, സീനിയർ സൂപ്രണ്ട് ഹരികൃഷ്ണൻ സി ജി, സ്‌പോർട്സ് ഓഫീസർ സജുകുമാർ എസ്.  തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5313/2024

date