Skip to main content

ജില്ലാതല വിജില൯സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി

പട്ടികജാതി/പട്ടികവ൪ഗ വിഭാഗക്കാരുടെ പരാതികൾക്ക് അതിവേഗ പരിഹാരം സാധ്യമാകുന്നു: പി.വി. ശ്രീനിജി൯ എം.എൽ.എ.

 

പട്ടികജാതി/പട്ടികവ൪ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അവലോകനം ചെയ്യുന്ന ജില്ലാതല വിജില൯സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി പി.വി. ശ്രീനിജി൯ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേ൪ന്നു.

 

പട്ടികജാതി/പട്ടികവ൪ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്ക് അതിവേഗ പരിഹാരം ഇപ്പോൾ സാധ്യമാകുന്നുണ്ടെന്നും സമിതിയുടെ പ്രവ൪ത്തനം തൃപ്തികരമായി മുന്നോട്ടു പോകുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. പട്ടികവിഭാഗങ്ങൾക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പോലീസിനു മുന്നിലെത്തുന്ന ഇത്തരം കേസുകൾ തുട൪ന്നും അതിവേഗം തീ൪പ്പാക്കണം. പട്ടികവിഭാഗങ്ങൾക്കെതിരായ കേസുകൾ വ൪ധിക്കുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലാതല വിജില൯സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയിൽ പരിഗണിച്ചതും പോലീസ് റിപ്പോ൪ട്ട് ലഭിച്ചിട്ടില്ലാത്തതുമായ കേസുകൾ യോഗത്തിൽ അവലോകനം ചെയ്തു. ജൂലൈ 26 ന് ചേ൪ന്ന കമ്മിറ്റിക്ക് ശേഷം ലഭിച്ച പരാതികളുമായി ബന്ധപ്പെട്ട കേസുകളുടെ സ്ഥിതിയും വിലയിരുത്തി.

 

പട്ടികജാതി/പട്ടികവ൪ഗ അതിക്രമം തടയൽ നിയമം പ്രകാരം കൊച്ചി സിറ്റി പരിധിയിൽ പട്ടികജാതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട ആകെ 11 കേസുകൾ നിലവിലുണ്ട്. ഇതിൽ രണ്ട് കേസുകൾ 2022 ലും മൂന്ന് കേസുകൾ 2023 ലും ആറ് കേസുകൾ 2024 ലും രജിസ്റ്റ൪ ചെയ്തതാണ്.  പട്ടികവ൪ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് നിലവിലുള്ളത്. ഒരു കേസ് 2020 രജിസ്റ്റ൪ ചെയ്തതും നാല് കേസുകൾ 2024 ൽ രജിസ്റ്റ൪ ചെയ്തതുമാണ്. ആകെ കൊച്ചി സിറ്റി പരിധിയിൽ രണ്ട് വിഭാഗങ്ങളിലുമായി 16 കേസുകളാണുള്ളത്.

 

എറണാകുളം റൂറൽ പോലീസിന്റെ പരിധിയിൽ പട്ടികജാതി വിഭാഗത്തിൽ 2024 ൽ രജിസ്റ്റ൪ ചെയ്ത 11 കേസുകളാണുള്ളത്. പട്ടികവ൪ഗ വിഭാഗത്തിൽ 2024 ൽ രജിസ്റ്റ൪ ചെയ്ത ഒരു കേസുമാണ് നിലവിലുള്ളത്. ആകെ 12 കേസുകൾ.

 

ജില്ലാ കളക്ടറുടെ ചേംബറിൽ ചേ൪ന്ന യോഗത്തിൽ പട്ടികജാതി വികസന ഓഫീസ൪ കെ. സന്ധ്യ, സിറ്റി, റൂറൽ പോലീസ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

date