Skip to main content

'കരപ്പുറം കാഴ്ച്ച' കേരളത്തിൻ്റെ കാർഷിക ഭാവിയുടെ പ്രദർശനം: മന്ത്രി പി പ്രസാദ് *കരപ്പുറം കാഴ്ച്ച കാർഷിക പ്രദർശനം ഡിസംബർ 20 മുതൽ 29 വരെ സെൻ്റ് മൈക്കിൾസ് കോളേജ് മൈതാനത്ത്

സമ്പന്നമായ കാർഷിക പാരമ്പര്യമുള്ള ചേർത്തലയുടെ കാർഷിക ഉത്സവമായ 'കരപ്പുറം കാഴ്ച്ച' കേവലം ആഘോഷത്തിനപ്പുറം കേരളത്തിൻ്റെ കാർഷിക ഭാവിയുടെ പ്രദർശനമായി മാറുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 
ഈ വർഷത്തെ 'കരപ്പുറം കാർഷിക കാഴ്‌ചകൾ- 2024' ൻ്റെ സ്വാഗത സംഘം രുപീകരണ യോഗം ചേർത്തല നഗരസഭ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിസംബർ 20 മുതൽ 29 വരെ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് മൈതാനത്താണ് കരപ്പുറം
കാർഷിക പ്രദർശന-വിപണന, സാംസ്‌കാരിക, കലാമേളയുടെ രണ്ടാംഘട്ടം അരങ്ങേറുന്നത്. 
ഈ വർഷത്തെ പ്രദർശനത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ, എം എസ് എം ഇ, കയറ്റുമതി മേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. 
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ കർഷകർ ഇന്ന് മൂവായിരത്തിലധികം മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. കേരളത്തിൻ്റെ തനത് കാർഷിക ബ്രാൻഡായ കേരള ഗ്രോ ബ്രാൻഡിൽ മാത്രം 900 ൽ അധികം ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. മൂല്യ വർദ്ധിത ഉൽപന്ന രംഗത്തേക്ക് കർഷകരെ കൊണ്ടുവരുന്നതിന് ആയിരത്തിലധികം കർഷകർക്ക് പാക്കിംഗ് പരിശീലനം അടക്കം നൽകിക്കഴിഞ്ഞു. ആമസോണിലും ഫ്ലിപ്കാർട്ടിലും  ഇന്ന് നമ്മുടെ 100ലധികം ഉൽപ്പന്നങ്ങൾ വിൽപ്പനക്ക് ലഭ്യമാണ്. ഇന്ത്യയിൽ ആദ്യമായി കർഷകരുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് മൂന്ന് എസ്ക്ലൂസീവ് ബ്രാൻഡഡ് ഷോറൂമുകൾ കേരളത്തിൽ തുറന്നു കഴിഞ്ഞു. ആലപ്പുഴയിലെ ഇത്തരത്തിലുള്ള ഷോറൂം പത്തിയൂരിൽ ഡിസംബറിൽ പ്രവർത്തനമാരംഭിക്കും. ചേർത്തലയിൽ ഒരു അഗ്രോ പാർക്കിൻ്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
നൂറിലധികം പ്രദർശന വിപണന സ്റ്റാളുകൾ, കാർഷിക സെമിനാറുകൾ, ബി 2 ബി മീറ്റുകൾ, ഇൻകുബേറ്റർ സെൻറർ, കാർഷിക വായ്പാ സഹായകേന്ദ്രങ്ങൾ, കാർഷിക പഠന ക്ലാസുകൾ, തദ്ദേശീയ കലാകാരന്മാരുടെ കലാസാംസ്കാരിക പരിപാടികൾ എന്നിവ കരപ്പുറം കാഴ്ചയോടനുബന്ധിച്ച് സംഘടിപ്പിക്കും. പരമ്പരാഗത വ്യവസായം, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ മേഖലകളെയും ഉൾപ്പെടുത്തി ജനകീയ മേളയാക്കി കരപ്പുറം കാഴ്ചയെ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി ജി മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്,
നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സ്വപ്ന ഷാബു, ഓമന ബാനർജി, ജി ശശികല, ജെയിംസ് ചിങ്കുതറ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ ബിൻസി കെ എബ്രഹാം, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ, ജില്ലാ  പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ആത്മ പ്രൊജക്റ്റ് ഡയറക്ടർ സഞ്ജു സൂസൻ മാത്യു, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കരപ്പുറം കാഴ്ചയുടെ
വിജയകരമായ സംഘാടനത്തിനും നടത്തിപ്പിനുമായി വിപുലമായ സ്വാഗതസംഘം യോഗത്തിൽ രൂപീകരിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, കെ സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, കെ പ്രസാദ്, ജി വേണുഗോപാൽ, ആർ നാസർ, റ്റി ജെ ആഞ്ചലോസ്, സി കെ ഷാജി മോഹൻ എന്നിവർ രക്ഷാധികാരികളും വി ജി മോഹനൻ ചെയർമാനുമായ സ്വാഗതസംഘം കമ്മിറ്റിയിൽ വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് 18 സബ് കമ്മിറ്റികളും ഉണ്ട്. 

കരപ്പുറം കാഴ്ച്ച സ്വാഗതസംഘം:
രക്ഷാധികാരികൾ: കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, കെ സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, കെ പ്രസാദ്, ജി വേണുഗോപാൽ, ആർ നാസർ, റ്റി ജെ ആഞ്ചലോസ്, സി കെ ഷാജി മോഹൻ
ചെയർമാൻ: വി ജി മോഹനൻ
വൈസ് ചെയർമാൻ: എൻ എസ് ശിവപ്രസാദ്, വി ആർ മഹിളാമണി, ടിടി ജിസ്മോൻ, എൻ ആർ ബാബുരാജ്, അഡ്വ. ജലജ ചന്ദ്രൻ, എൻ പി ഷിബു, വി ടി ജോസഫ്, ടി പി സതീശൻ, ഐസക്ക് മാടവന, സിനിമോൾ സാംസൻ, കെ ബി ബിമൽ റോയ്, ബി വിനോദ്, ഡി സലീം, എം സി സിദ്ധാർത്ഥൻ, വെള്ളിയാകുളം പരമേശ്വരൻ.
ജനറൽ കമ്മിറ്റി കൺവീനർ: അമ്പിളി സി
ജോയിൻ്റ് കൺവീനർ: മായാ ഗോപാലകൃഷ്ണൻ.
(പി.ആർ./എ.എൽ.പി./2485)

date