സമന്വയം; ഡിസംബര്‍ രണ്ടാം വാരം രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴില്‍ അവസരങ്ങൾ ഒരുക്കുന്ന സമന്വയം പദ്ധതി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.കാസര്‍കോട് ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍, സാദിയ കോളേജ്, കെന്‍സ കോളേജ്, കാഞ്ഞങ്ങാട് ടൗണ്‍ എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജില്ലാതല ഉദ്ഘാടനത്തിന് മൂസ ബി ചെര്‍ക്കള ചെയര്‍മാനും, സി.എം.എ ചേരൂര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. കെ.പി ഗീത, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോഗ്രാം മാനേജര്‍ കൃപ്ന, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുറഞ്ഞത് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ള (ഐ.ടി.ഐ, പോളിടെക്നിക്ക് ഉള്‍പ്പെടെ) 18 നും 59 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈജ്ഞാനിക/ തൊഴില്‍ പരിചയവും നൈപുണ്യ പരിശീലനവും നല്‍കി യോഗ്യതകള്‍ക്കനുസൃതമായി സ്വകാര്യ മേഖലയില്‍/ വിദേശ രാജ്യങ്ങളില്‍ സ്വകാര്യ തൊഴില്‍ ലഭ്യമാക്കുകയോ, ലഭ്യമാക്കുന്നതിനാവശ്യമായ തൊഴില്‍/ ഭാഷ പരിശീലനം നല്‍കുകയോ ആണ് 'സമന്വയം' പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments