സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കും
കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നത്തിനുമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
നിർദ്ദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാർഗനിർദ്ദേശങ്ങൾ നൽകുക, സഹായിക്കുക, എന്നതാണ് ലക്ഷ്യം. അവർക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് ആയത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, സർക്കാർ കാലാകാലങ്ങളിൽ കമ്മീഷനെ ഏൽപ്പിച്ച് നൽകുന്ന ചുമതലകൾ നിർവ്വഹിക്കുക എന്നിവയാണ് കമ്മീഷന്റെ കർത്തവ്യമായിരിക്കുക.
നിർദ്ദിഷ്ട ഓർഡിനൻസിൻ കീഴിൽ നടത്തിയ ഏതൊരു അന്വേഷണത്തിലും കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കിൽ തർക്കത്തിലേർപ്പെട്ട കക്ഷികൾക്ക് പരിഹാരത്തിനായോ സർക്കാരിലേക്ക് അയക്കാം.
കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്‌സണും മൂന്നിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദിഷ്ട ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളാവും കമ്മീഷൻ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ ഫിനാൻസ് ഓഫീസറായും നിയമിക്കണമെന്നാണ് ഗവർണറോട് ശുപാർശ ചെയ്തിട്ടുള്ളത്.
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവർ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് വർഷം വരെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേൽനോട്ടം, മാർഗനിർദ്ദേശം, ഭരണനിർവഹണം എന്നിവ ചെയർപേഴ്‌സണിൽ നിക്ഷിപ്തമായിരിക്കും. ചെയർപേഴ്‌സൺ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂർണ്ണ സമയ ഉദ്യോഗസ്ഥനായിരിക്കും. നിർണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകൾക്കും അർഹതയുണ്ടായിരിക്കും. കമ്മീഷൻ അംഗങ്ങൾക്ക് നിർണ്ണയിക്കപ്പെടുന്ന പ്രകാരമുളള ഓണറേറിയത്തിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ബത്തകൾക്കോ അല്ലെങ്കിൽ സിറ്റിംഗ് ഫീസിനോ അർഹതയുണ്ടായിരിക്കും. കമ്മീഷന് മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിർവഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ പ്രസ്തുത വിഷയത്തിൽ പ്രത്യേകമായ അറിവുള്ള രണ്ടിൽ കൂടാത്ത എണ്ണം ആളുകളെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിക്കാം എന്നാൽ അവർക്ക് കമ്മീഷന്റെ യോഗങ്ങളിൽ വോട്ടവകാശമുണ്ടാകില്ല എന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പി.എൻ.എക്സ്. 5334/2024
- Log in to post comments