Skip to main content

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ ലൈബ്രേറിയന്മാർക്ക് അനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി കോഴ്സ് ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കാനാണ് ഇവർക്ക് അനുമതി നൽകി ഉത്തരവായതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി നിലവിൽ എല്ലാ വിദ്യാർത്ഥികളും മൂന്ന് മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ പഠിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, തയ്യാറാക്കിയ കരിക്കുലം ഫ്രെയിംവർക്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എം ഡി സി കോഴ്സായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.

കോളേജ് ലൈബ്രറിയുടെ പ്രവർത്തനത്തെയോ മറ്റ് അധ്യാപകരുടെ ജോലിഭാരത്തെയോ ബാധിക്കാതെയും ലൈബ്രേറിയന്മാർക്ക് അധിക ജോലിഭാരമായി കണക്കാക്കാതെയും സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തിലും മൈനർ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, സ്‌കിൽ കോഴ്സുകൾ എന്നിവയുടെ ഇൻസ്ട്രക്ടർമാരായാണ് ഇവർ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 5341/2024

date