Skip to main content

മലമ്പുഴയില്‍ മോക് ‍ഡ്രില്‍: ഒരുക്കിയത് റോപ്‍വേയില്‍ സന്ദര്‍ശകര്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും

ദുരന്ത സാഹചര്യത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. റോപ്‍വേയില്‍ സന്ദര്‍ശകര്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ചാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.  അപകടം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആര്‍.എഫ്), പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍, ആരോഗ്യം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.

 
രാവിലെ 11 മണിയോടെ റോപ് വേയുടെ ചലനം നിലച്ച് ടൂറിസ്റ്റുകളായ രണ്ടു പേര്‍ റോപ്‍വേയില്‍ കുടുങ്ങുന്നതും  തുടർന്നുള്ള രക്ഷാപ്രവർത്തനവുമാണ് ഒരുക്കിയത്. അപകടം സംഭവിച്ച് ഉടന്‍ തന്നെ റോപ് വേ അധികൃതര്‍ പാലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അഗ്‌നിരക്ഷാസേന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ വിവരം അറിയിക്കുകയും ചെയ്തു.  ഈ സമയത്ത് തന്നെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍നിന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ക്കും പൊലീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനക്ക് യുവാക്കളെ താഴെയിറക്കാനുള്ള പ്രവര്‍ത്തം ശ്രമകരമാവുന്ന സാഹചര്യത്തില്‍  ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്‍.ഡി.ആര്‍.എഫിനെ ബന്ധപ്പെടുകയും തുടര്‍ന്ന് റോപ്‍വേയില്‍ കുടുങ്ങിയവരെ എന്‍.‍‍ഡി.ആര്‍.എഫ് രക്ഷപ്പെടുത്തുകയും ചെയ്യുന്ന രൂപത്തിലാണ് മോക്‍ഡ്രില്‍ അവതരിപ്പിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലാം ബറ്റാലിയന്‍ (ആര്‍ക്കോണം) സംഘത്തിന്റെ  നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സിവില്‍ സ്റ്റേഷനിലെ പഴയ പി.എസ്.സി ഓഫീസില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും  സജ്ജീകരിച്ചിരുന്നു.

date