'കരപ്പുറം കാഴ്ച്ച' കാര്‍ഷിക പ്രദര്‍ശനം ഡിസംബര്‍ 20 മുതല്‍ 29 വരെ സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത്
ഈ വര്‍ഷത്തെ 'കരപ്പുറം കാഴ്ച്ച' കാര്‍ഷിക പ്രദര്‍ശന-വിപണന, സാംസ്കാരിക, കലാമേള ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് അരങ്ങേറും. നൂറിലധികം പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക സെമിനാറുകള്‍, ബി 2 ബി മീറ്റുകള്‍, ഇന്‍കുബേറ്റര്‍ സെന്റര്‍, കാര്‍ഷിക വായ്പാ സഹായകേന്ദ്രങ്ങള്‍, കാര്‍ഷിക പഠന ക്ലാസുകള്‍, തദ്ദേശീയ കലാകാരന്മാരുടെ കലാസാംസ്കാരിക പരിപാടികള്‍ എന്നിവ കരപ്പുറം കാഴ്ചയോടനുബന്ധിച്ച് സംഘടിപ്പിക്കും. കരപ്പുറം കാഴ്ചയുടെ വിജയകരമായ സംഘാടനത്തിനും നടത്തിപ്പിനുമായി വിപുലമായ സ്വാഗതസംഘം കഴിഞ്ഞദിവസം ചേര്‍ത്തല നഗരസഭ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു. യോഗം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമ്പന്നമായ കാര്‍ഷിക പാരമ്പര്യമുള്ള ചേര്‍ത്തലയുടെ കാര്‍ഷിക ഉത്സവമായ 'കരപ്പുറം കാഴ്ച്ച' കേവലം ആഘോഷത്തിനപ്പുറം കേരളത്തിന്റെ കാര്‍ഷിക ഭാവിയുടെ പ്രദര്‍ശനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, എം എസ് എം ഇ, കയറ്റുമതി മേഖല എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. പരമ്പരാഗത വ്യവസായം, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ മേഖലകളെയും ഉള്‍പ്പെടുത്തി ജനകീയ മേളയാക്കി കരപ്പുറം കാഴ്ചയെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന ഷാബു, ഓമന ബാനര്‍ജി, ജി ശശികല, ജെയിംസ് ചിങ്കുതറ, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്‍സി കെ എബ്രഹാം, പ്രൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. പി രാജശേഖരന്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി അമ്പിളി, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ സഞ്ജു സൂസന് മാത്യു, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, കെ സി വേണുഗോപാല്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കെ പ്രസാദ്, ജി വേണുഗോപാല്‍, ആര് നാസര്‍, റ്റി ജെ ആഞ്ചലോസ്, സി കെ ഷാജി മോഹന്‍ എന്നിവര്‍ രക്ഷാധികാരികളും വി ജി മോഹനന് ചെയര്‍മാനുമായ സ്വാഗതസംഘം കമ്മിറ്റിയില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 18 സബ് കമ്മിറ്റികളുമുണ്ട്.
(പി.ആര്./എ.എല്‍.പി./2499)
- Log in to post comments