തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് കൂടി അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. എടത്തല, കവളങ്ങാട്, കീഴ്മാട്, ഒക്കല്‍, നെടുമ്പാശേരി, കോട്ടപ്പടി , ഗ്രാമപഞ്ചായത്തുകളുടെയും മരട് മുനിസിപ്പാലിയുടെയും വാര്‍ഷിക പദ്ധതി ഭേദഗതിയാണ് പുതുതായി പരിഗണിച്ചത്. ഇതോടെ 82 ഗ്രാമപഞ്ചായത്തുകളും, 14 ബ്ലോക്ക് പഞ്ചായത്തുകളും, 13 മുനിസിപ്പാലിറ്റികളും, കോർപ്പറേഷനും, ജില്ലാ പഞ്ചായത്തും അടക്കം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും 2024-25 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ഇതോടെ അംഗീകാരമായി.
ജല്‍ ജീവന് മിഷനുമായി ബന്ധപ്പെട്ട് ചില റോഡുകള്‍ പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള റോഡുകളുടെ പണിക്ക് കാലതാമസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനു സത്വര നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്തു പ്രസിഡന്റ്മാര്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി അധ്യക്ഷന്‍ പറഞ്ഞു.
പൂതൃക്ക, ചെങ്ങമനാട് പഞ്ചായത്തുകളുടെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്തു.
നിലവില്‍ ജില്ലയുടെ പദ്ധതി പുരോഗതി 21.7% ആണ്.
ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ തുളസി ടീച്ചര്‍, അനിത ടീച്ചര്‍, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹന്‍, അനിമോള്‍ ബേബി, ഷാന്റി എബ്രഹാം, എ എസ് അനില്‍കുമാര്‍, റീത്ത പോള്‍, മേഴ്സി ടീച്ചര്‍, ക്ഷണിതാവ് പി. കെ. ചന്ദ്രശേഖരന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എം. ബഷീര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
- Log in to post comments